Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വോട്ടിംഗ് മെഷീനുകളും വി.വി പാറ്റും തമ്മിൽ പൊരുത്തക്കേട് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വി.വി പാറ്റുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. എട്ടിടങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ഇടങ്ങളിൽ വോട്ടിങ് മെഷീനുകളും വി.വിപാറ്റുകളും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതായി തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥിരീകരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് രാജ്യത്തെ 20,687 പോളിങ് ബൂത്തുകളിൽ വി.വിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് നിർബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്. ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിങ് യന്ത്രത്തിൽ നിന്നുള്ള വി.വിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നായിരുന്നു കോടതി നിർദേശം.
അതേസമയം, പൊരുത്തക്കേട് വെറും .0004% മാത്രമാണെന്നും അതിനാൽ ഈ എട്ടു കേസുകളിലും അന്തിമ ഫലത്തെ ഇത് ഒട്ടുംതന്നെ സ്വാധീനിക്കില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. 'മാനുഷിക അബദ്ധങ്ങൾ' കാരണമാകാം ഇത്തരം പിഴവും സംഭവിച്ചതെന്നും കമ്മീഷൻ വാദിക്കുന്നു. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പൊരുത്തക്കേടുകൾ റിപ്പോർട്ടു ചെയ്തത്.
മിക്ക കേസുകളിലും വെറും ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഒരിടത്ത് മാത്രം 34 വോട്ടിന്റെ വ്യത്യാസം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പ് മോക്ക് പോൾ ചെയ്തത് ഡിലീറ്റ് ചെയ്യാൻ പോളിങ് ഓഫീസർ മറന്നുപോയതാവാം ഇത്രയേറെ വോട്ടിന്റെ വ്യത്യാസം വരാൻ കാരണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. 
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് 1500 കേസുകളിൽ ഇ.വി.എമ്മിലെ വോട്ടും വി.വിപാറ്റ് സ്ലിപ്പും പരിശോധനാ വിധേയമാക്കിയതിൽ ഒരിടത്തുപോലും പൊരുത്തക്കേട് റിപ്പോർട്ടു ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട നിയമത്തിലെ ചട്ടം 56 ഡി പ്രകാരം ഇ.വി.എമ്മുകളും വി.വിപാറ്റുകളും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ വി.വിപാറ്റിലെ വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂവെന്നാണ്. ഈ എട്ടു കേസുകളിലും ഇതുതന്നെയാണ് അവലംബിച്ചതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നു.
 

Latest News