Sorry, you need to enable JavaScript to visit this website.

ഹാജിമാർക്ക് സൗജന്യ മെഡിക്കൽ സേവനവുമായി സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ- വിശുദ്ധ ഹജ് കർമം നിർവഹിക്കാൻ ലോകത്തിന്റെയും സൗദിയുടെയും വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സൗദി ആരോഗ്യമന്ത്രാലയം പുതിയ സേവനവുമായി രംഗത്ത്. 'യുവർ ഹെൽത്ത് അഡൈ്വസർ' എന്ന പേരിൽ മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിലൂടെയും ടോൾ ഫ്രീ നമ്പറായ 937 ലെ  ഹെൽത്ത് സെന്റർ മുഖേനയും വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം ലഭ്യമാക്കുന്നതാണ് പദ്ധതി. 
ആഴ്ചയിൽ മുഴു ദിവസവും വിവിധ മേഖലകളിൽ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടർമാർ ഹാജിമാരുടെ സംശയങ്ങൾക്ക് മറുപടി നൽകും. കൂടാതെ, ഹജിന് മുമ്പും ഹജ് വേളയിലും ശേഷവും സ്വീകരിക്കേണ്ട ആരോഗ്യ സംബന്ധിയായ കരുതൽ നടപടികളെ കുറിച്ചും ഡോക്ടർമാർ വിശദീകരിക്കും. ഉദ്ഘാടന ദിവസമായ ഇന്നലെ ഉച്ചക്ക് ഒരു മണി മുതൽ വൈകു. മൂന്ന് വരെ ഡോ. സ്വഫിയ അൽശർബീനി ഹെൽത്ത് സെന്റർ  രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ആന്തരിക രോഗങ്ങളെയും പ്രമേഹത്തെയും കുറിച്ചും അവർ വിശദമായി ക്ലാസെടുത്തു. ഇന്ന് ഇതേസമയം, ഹജ് നിർവഹിക്കുന്ന ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. ഹയാത്ത് അൽറബീഅ ക്ലാസെടുക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി യഥാക്രമം ഹാജിമാർ പാലിക്കേണ്ട ഭക്ഷണക്രമത്തെ കുറിച്ച് ഡോ. മുസ്‌ലിം യൂനുസ്, ചർമ രോഗങ്ങളെ കുറിച്ച് ഡോ. നാഇൽ ഹതാത്ത, ദഹന സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ച് ഡോ. അബ്ദുല്ല അൽജഹ്ദലി എന്നിവർ സംവദിക്കും. 
കൂടാതെ, തങ്ങളുടെ പ്രതിനിധികൾ ഹാജിമാർക്കും ബന്ധുക്കൾക്കും 24 മണിക്കൂറും സേവനം ചെയ്യുന്നതിനായി പുണ്യസ്ഥലങ്ങളിൽ കർമനിരതരാകുമെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

Latest News