Sorry, you need to enable JavaScript to visit this website.

ഹൈന്ദവാശയങ്ങൾ പഠിക്കാൻ ഇന്ത്യയിൽ അവസരം വേണം-പാണക്കാട് സാദിഖലി തങ്ങൾ

റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച റിവൈവ് സീസൺ രണ്ട് കാമ്പയിൻ സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- യഥാർഥ ഹൈന്ദവാശയങ്ങൾ പഠിക്കാനുള്ള അവസരം ഇന്ത്യയിൽ സൃഷ്ടിക്കണമെന്നും മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി 'നവോത്ഥാനത്തിന്റെ വെളിച്ചമാവുക' എന്ന ശീർഷകത്തിൽ ഒരുവർഷത്തിലധികമായി നടത്തിവരുന്ന റിവൈവ് സീസൺ രണ്ട് കാമ്പയിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത് മാനവികതയാണ്. അത് യഥാർഥ രീതിയിൽ ഉൾക്കൊള്ളാത്തതാണ് വർഗീയതയും തീവ്രവാദവും ഉയർന്നുവരാൻ കാരണമാവുന്നത്. ഇന്ത്യയിൽ സംഘപരിവാറിന്റെ അജണ്ടയിൽ ഹൈന്ദവ സഹോദരങ്ങൾ വീണുപോകുന്നത് ഹിന്ദുമത ദർശനത്തെ കുറിച്ചുള്ള അജ്ഞതയാണ്. ഇസ്‌ലാമിക ആശയങ്ങൾ വസ്തുതാപരമായി ഉൾകൊള്ളാത്ത മുസ്‌ലിം ചെറുപ്പക്കാരേയും തീവ്രവാദ ശക്തികൾ വശീകരിക്കുന്നുണ്ട്. സത്യസന്ധമായി മതത്തെ മനസ്സിലാക്കിയ ആർക്കും ഫാസിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല. മതപഠനത്തിൽ കേരളത്തിലെ മുസ്‌ലിം സമൂഹം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർഗീയത മാത്രമല്ല ബി.ജെ.പിക്ക് അധികാരം സാധ്യമാക്കിയത്. പുൽവാമ ഭീകരാക്രമണം പോലുള്ള സംഭവങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളുടെ വൈകാരികത ചൂഷണം ചെയ്തതിന്റെ ഫലം കൂടിയാണ് നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി പദം. കേരളത്തിൽ യു.ഡി.എഫ് നേടിയ മികച്ച വിജയത്തിൽ മുസ്‌ലിം ലീഗിന് അഭിമാനിക്കുവാൻ ഏറെയുണ്ട്. മലപ്പുറം ജില്ലയിൽ ഇടതുപക്ഷം ഇനി സ്വതന്ത്രസ്ഥാനാർഥി പരീക്ഷണത്തിന് മുതിരില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പ്രവാസി സംരംഭകർക്കെതിരെയുള്ള നിലപാടാണ് പിണറായി സർക്കാർ തുടരുന്നതെന്നും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുൾപ്പെടെ സമീപകാല സംഭവങ്ങൾ അതാണ് ബോധ്യപ്പെടുത്തുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. പ്രവാസികളോട് അനുകൂലമായ സമീപനം സ്വീകരിച്ചിരുന്നതെങ്കിൽ സാജന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. കേരളത്തിന് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചൊലുത്തണം. 
 അസീസിയ നെസ്റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്.ടി വേങ്ങര അധ്യക്ഷത വഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബന്ധു നിയമനമുൾപ്പടെയുള്ള അഴിമതിക്കെതിരെയുള്ള മുസ്‌ലിം യൂത്ത് ലീഗിന്റെ നിയമ പോരാട്ടം തുടരുമെന്നും അന്തിമ വിജയം സത്യത്തിന്റെ കൂടെയാവുമെന്നും ഫിറോസ് പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളേജിലെ ആക്രമം വഴി വലിയ തോതിലുള്ള കുംഭകോണമാണ് നടന്നിട്ടുള്ളത്. കോളേജ് പ്രവേശനം, യൂനിവേഴ്‌സിറ്റി പരീക്ഷകളുടെ ക്രമക്കേടുകൾ, പി.എസ്.സിയിലുള്ള ഇടപെടലുകൾ എല്ലാം പുറത്ത്‌കൊണ്ടുവരണം. സി.പി.എമ്മിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരം അതിക്രമങ്ങൾ നടന്നിട്ടുള്ളെതെന്നും അദ്ദേഹം ആരോപിച്ചു. റിവൈവ് സീസൺ 2 കാമ്പയിന്റെ റിപ്പോർട്ട് ഓർഗനൈസിംഗ്  സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അവതരിപ്പിച്ചു. ക്യാമ്പയിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചു  പുറത്തിറക്കിയ 'ദി റിനൈസൻസ'് എന്ന സപ്ലിമെന്റ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.ഫിറോസിന് നൽകി പ്രകാശനം നിർവഹിച്ചു.
അറിവരങ് (വായന മത്സരം) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷാഫിയ ഫൈസലിന് ബെസ്റ്റ് കാർഗോ സ്‌പോൺസർ ചെയ്ത ഒരു പവൻ സ്വർണ നാണയവും രണ്ടാം സമ്മാനത്തിനർഹനായ ഹംസത് അലി പനങ്ങാങ്ങരക്ക് അര പവൻ സ്വർണ നാണയവും തങ്ങൾ സമ്മാനിച്ചു.  കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ബനാത്ത് വാല ലോക്‌സഭാ പ്രഭാഷണങ്ങൾ എന്ന പുസ്തകം സാദിഖലി ശിഹാബ് തങ്ങൾ അബൂബക്കർ ബ്ലാത്തൂരിന് നൽകി പ്രകാശന കർമം നിർവഹിച്ചു. സെൻട്രൽ കെ.എം.സി.സി പ്രസിഡന്റ് സി.പി.മുസ്തഫ, സൗദി കെ.എം.സി.സി സുരക്ഷാ കമ്മിറ്റി ചെയർമാൻ സയ്യിദ് അഷ്‌റഫ് തങ്ങൾ, ശുഹൈബ് പനങ്ങാങ്ങര, മൊയ്ദീൻ കോയ, യു.പി.മുസ്തഫ, ജലീൽ തീരുർ, സത്താർ താമരത്ത്, കുന്നുമ്മൽ കോയ, അസീസ് ചങ്കത്തറ, അഷ്‌റഫ് വടക്കേവിള എന്നിവർ പ്രസംഗിച്ചു. മുജീബ് ഉപ്പട, സുബൈർ അരിമ്പ്ര, കെ.ടി.അബൂബക്കർ, മുസ്തഫ ചീക്കോട്, നാസർ മാങ്കാവ്, കബീർ വൈലത്തൂർ, ബഷീർ താമരശേരി,  കെ.പി.മജീദ് പയ്യന്നൂർ,  അബ്ദുറഹ്മാൻ ഫറോക്ക്, ബഷീർ ചേറ്റുവ, അലവിക്കുട്ടി ഒളവട്ടൂർ, പി.സി.അലി വയനാട്, സുഫ്‌യാൻ അബ്ദുസലാം, സിദ്ദീഖ് കോങ്ങാട്, അഷ്‌റഫ് കണ്ണയത്ത്, ഉബൈദ് ജിദ്ദ, റസാഖ് വളക്കൈ, ഫൈസൽ ബുഖാരി, അബ്ദുസലീം (ഫൗരി  അൽ ജസീറ ബാങ്ക്), ഇമ്രാൻ സേട്ട് (നെസ്റ്റോ), മുഹമ്മദ് അഷ്‌റഫ് (ബെസ്റ്റ് കാർഗോ), റഷീദ് ബാബു (ഇൻജാസ്) എന്നിവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടൻ, അഷ്‌റഫ് മോയൻ, ശരീഫ് അരീക്കോട്, ഹമീദ് ക്ലാരി, ലത്തീഫ് താനാളൂർ, യൂനുസ് സലിം, അഷ്‌റഫ് കൽപകഞ്ചേരി, സിദ്ദിഖ് തുവ്വൂർ, സിദ്ദിഖ് കോനാരി എന്നിവരും മണ്ഡലം കെ.എം.സി.സി ഭാരവാഹികളും നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.

 

Latest News