ഗള്‍ഫിലേക്ക് ബ്രിട്ടന്‍ കൂടുതല്‍ പടക്കപ്പലുകള്‍ അയക്കുന്നു

ലണ്ടന്‍- ഗള്‍ഫ് മേഖലയിലെ യുദ്ധസമാന സാഹചര്യത്തില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി ബ്രിട്ടന്‍. മേഖലയിലേക്ക് കൂടുതല്‍ പടക്കപ്പലുകള്‍ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അമേരിക്കയുമായും യൂറോപ്യന്‍ യൂനിയനിലെ പങ്കാളികളുമായും ബന്ധപ്പെട്ട് ഇറാന് നല്‍കേണ്ട തിരിച്ചടിയെ കുറിച്ച് ചര്‍ച്ച നടത്തി വരികയാണ്.
സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ സൗദി അറേബ്യയില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം അനുവാദം നല്‍കിയിരുന്നു.  
അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെ 500 സൈനികരെ കൂടി അമേരിക്ക അയച്ചിരുന്നു. കൂടാതെ, വ്യോമസേന, വ്യോമ പ്രതിരോധ മിസൈല്‍ സന്നാഹവും യു.എസ് വര്‍ധിപ്പിച്ചു.  
അതേസമയം, ഹുര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് ടാങ്കര്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പ് ബ്രിട്ടന്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത മേഖലക്ക് തന്നെ ഇറാന്‍ നടപടി ഭീഷണിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. തങ്ങളുടെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതിന് പ്രതികാര നടപടി എന്നോണമാണ് 'സ്റ്റെന ഇംപെറോ' തടഞ്ഞിട്ടതെന്ന ഇറാന്‍ വാദം നിരര്‍ഥകമാണ്. യൂറോപ്യന്‍ യൂണിയന്റെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണയുമായി പോയതിനാലാണ് ഇറാന്‍ കപ്പല്‍ തടഞ്ഞുവെച്ചത്.
അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ തുടരുന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 2016 ല്‍ നീക്കം ചെയ്ത ഉപരോധം പുനഃസ്ഥാപിക്കാന്‍ ബ്രിട്ടന്‍ യു.എന്നിലും യൂറോപ്യന്‍  യൂനിയനിലും സമ്മര്‍ദം ചെലുത്തിയിരുന്നു. ഇറാന്‍ അതിക്രമത്തിന് ഇതും ഒരു കാരണമായേക്കും.  
ഒമാന്‍ തീരത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് റെവല്യൂഷനി ഗാര്‍ഡുകള്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗത നിയമത്തിന് തീര്‍ത്തും എതിരാണെന്നും ബ്രിട്ടന്‍ യു.എന്‍ രക്ഷാസമിതിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.

 

 

Latest News