കൂറുമാറാന്‍ രണ്ട് കോടി രൂപയും പെട്രോള്‍ പമ്പും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു- മമത

കൊല്‍ക്കത്ത- ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളേയും ജനപ്രതിനിധികളേയും കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. കൊല്‍ക്കത്തയില്‍ കൂറ്റന്‍  രക്തസാക്ഷി ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
കേന്ദ്ര ഏജന്‍സികള്‍ ചിട്ടി ഫണ്ട് തട്ടിപ്പിന്റെ പേരിലാണ് തൃണമൂലിന്റെ നേതാക്കളെയും ജനപ്രതിനിധികളെയും ഭീഷണിപ്പെടുത്തുന്നത്.
പണവും മറ്റും വാഗ്ദാനങ്ങളും കാണിച്ച് തൃണമൂല്‍ എം.എല്‍.എമാരെ വശീകരിക്കാനും  ബി.ജെ.പി ശ്രമിക്കുന്നു. രണ്ടുകോടി രൂപയും ഒരു പെട്രോള്‍ പമ്പുമാണ് കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും വാഗ്ദാനം ചെയ്യുന്നത്. കര്‍ണാടകയ്ക്കു സമാനമായി എല്ലായിടത്തും കുതിരക്കച്ചവടം നടത്താനാണ് അവരുടെ ശ്രമം മമത ആരോപിച്ചു.
ഈ പ്രവര്‍ത്തന രീതി വെച്ചു നോക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് മമത പറഞ്ഞു. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് അല്ലാതെ അധികാരത്തിലിരിക്കുന്നവര്‍ക്കല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

 

 

Latest News