Sorry, you need to enable JavaScript to visit this website.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളും; ക്യാപ്റ്റൻ കൊച്ചി സ്വദേശിയെന്ന് സൂചന

ന്യൂദൽഹി- ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികൾ ഉള്ളതായി റിപ്പോര്‍ട്ട്. കപ്പൽ ജീവനക്കാരിൽ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്ന് പേർ മലയാളികൾ  ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം. കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പൽ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസംമുൻപു വരെ ഡിജോയുമായി ബന്ധപ്പെടാൻ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുൻപാണു ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. കൂടാതെ തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തതായി വ്യക്തമായത്. 
        സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നതിലാണ് ഞങ്ങളുടെ മുന്‍ഗണന. ഇതിനായി ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരനും വ്യക്‌തമാക്കിയിരുന്നു. ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോര്‍ട്ട്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പലാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്. 18 ഇന്ത്യക്കാര്‍ അടക്കം 23 പേരാണ് സ്റ്റെന ഇംപെറോ എന്ന കപ്പലിലുണ്ടായിരുന്നത്. റഷ്യ, ഫിലിപ്പൈന്‍സ്, ലാത്വിയ തുടങ്ങിയ രാജ്യക്കാരാണ് മറ്റുള്ളവര്‍. ഹുര്‍മുസ് വഴിയുള്ള യാത്ര ഒഴിവാക്കാന്‍ ബ്രിട്ടീഷ് കപ്പലുകള്‍ക്ക് ലണ്ടന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയിലെ ജുബൈല്‍ തുറമുഖത്തേക്ക് നീങ്ങുകയായിരുന്നു കപ്പലെന്നാണ് വിവരം. അതേസമയം, തങ്ങൾ പിടിച്ചെടുത്ത കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്നും ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്നും ഇറാൻ അധികൃതർ ഞായറാഴ്ച്ച ദേശീയ ടെലിഷനിലൂടെ വ്യക്തമാക്കി. 

Latest News