Wednesday , January   29, 2020
Wednesday , January   29, 2020

സൗദിയില്‍ പുതിയ വിസയിലെത്തി പിടിയിലാകുന്നവര്‍ വര്‍ധിക്കുന്നു

 ദമാം- നിയമലംഘനങ്ങളില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങിയവര്‍ പുതിയ വിസയില്‍ സൗദിയിലെത്തി എയര്‍പോര്‍ട്ടില്‍വെച്ച് തന്നെ തിരികെ പോകേണ്ടി വരുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. ഇതേക്കുറിച്ച് സാമൂഹിക പ്രവര്‍ത്തകര്‍  മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് കണക്കിലെടുക്കാതെയാണ് പലരും പുതിയ വിസയെടുത്തു വരുന്നത്.


കേസുകളില്‍ ശിക്ഷിക്കപ്പെട്ട് മടങ്ങിയവര്‍ മാത്രമല്ല, റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയി കാലാവധിക്ക് മുമ്പേ വരാതിരിക്കുകയും പിന്നീട് പുതിയ വിസയില്‍ എത്തുന്നവരും എയര്‍പോര്‍ട്ടില്‍ തന്നെ പിടിക്കപ്പെടുകയാണ്. മൂന്നു വര്‍ഷത്തിന് ശേഷം ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ചു വരാമെന്ന ഇളവ് നിലവിലുണ്ട്. ഇത് ശ്രദ്ധിക്കാതെ വരുന്നവരാണ് അറിഞ്ഞോ അറിയാതെയോ കുരുക്കില്‍ പെടുന്നത്. ഹുറൂബ്, മത്‌ലൂബ് തുടങ്ങിയ കേസുകളില്‍ അകപ്പെടുകയും പിന്നീട് ജയിലില്‍ നിന്നും തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നേടി നാടണഞ്ഞവരും ഇപ്രകാരം തിരിച്ചെത്തുമ്പോള്‍ പിടിക്കപ്പെടുന്നുണ്ട്.


റീ എന്‍ട്രിയില്‍ നാട്ടില്‍പോയി വിസ നഷ്ടപ്പെടുത്തിയ എറണാകുളം സ്വദേശി വീണ്ടും പുതിയ വിസയില്‍ സൗദിയിലേക്ക് എത്തിയപ്പോള്‍ ദമാം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് കഴിഞ്ഞ ദിവസമാണ്. മൂന്ന് വര്‍ഷ കാലയളവ് തികയാന്‍ 12 ദിവസം കൂടി ബാക്കിയുണ്ടായിരുന്നുവെന്നതായിരുന്നു പ്രശ്‌നം. മൂന്നു ദിവസം എയര്‍പോര്‍ട്ടിലെ തടവിനു ശേഷം ഇയാളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പുതിയ സ്‌പോണ്‍സര്‍  അദ്ദേഹത്തെ പുറത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.


ഹുറൂബ് കേസില്‍ അകപ്പെട്ട് നാട്ടിലേക്ക് തര്‍ഹീല്‍ വഴി പോയ നിരവധി പേര്‍ പുതിയ വിസയില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ എത്തിയെങ്കിലും തിരിച്ചയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം, തൃശൂര്‍ സ്വദേശികളായ നാല് പേരെയും രണ്ട് കോഴിക്കോട് സ്വദേശികളെയും മൂന്നു ദിവസത്തെ എയര്‍പോര്‍ട്ടിലെ തടവിനു ശേഷം നാട്ടിലേക്ക് മടക്കിയിരുന്നു. ഇവരെല്ലാം മുമ്പ് ഹുറൂബ് കേസില്‍ വിരലടയാളം നല്‍കി എക്‌സിറ്റ് നേടി സൗദി വിട്ടവരാണ്.  
മത്‌ലൂബ് കേസുകളില്‍ അകപ്പെട്ടവരും പുതിയ വിസയിലും വിസിറ്റിംഗ് വിസയിലും ഇവിടെ എത്തി ജയില്‍വാസം അനുഭവിക്കേണ്ടി വന്നവരിലുണ്ട്. മത്‌ലൂബ് കേസില്‍ അകപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി ഒരാഴ്ച മുമ്പാണ് റിയാദില്‍ അറസ്റ്റിലായത്. സൗദി നിയമവ്യവസ്ഥയെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടും പരീക്ഷണാര്‍ഥം രാജ്യത്തെത്തുന്നവര്‍ക്ക് ഭീമമായ ധനനഷ്ടം നേരിടുന്നുവെന്ന് മാത്രമല്ല, നിയമക്കുരുക്കില്‍ അകപ്പെട്ട് ഏറെ ദുരിതം അനുഭവിക്കാനും ഇടയാകുന്നു.
നിയമലംഘകരെ നാട്ടിലേക്ക് തിരിച്ചെത്തിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം അതത് എയര്‍ലൈന്‍സുകള്‍ക്കാണ് എന്നിരിക്കെ, മടക്കയാത്രക്കുള്ള ടിക്കറ്റിന് കൂടിയുള്ള ഭീമമായ പണം യാത്രക്കാരന്റെ തലയില്‍ വെച്ചുകെട്ടുകയാണവര്‍ ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ തടവില്‍ കഴിയുന്ന ചെലവടക്കം എയര്‍ലൈന്‍സുകള്‍ യാത്രികനില്‍നിന്ന് ഈടാക്കും. തിരിച്ചുപോയി എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ മടക്കയാത്രയുടെ പണം നല്‍കുകയോ അല്ലെങ്കില്‍ പണം ലഭിക്കാനുള്ള രേഖകള്‍ ശരിയാക്കി നല്‍കുകയോ ചെയ്താല്‍ മാത്രമേ എയര്‍ ലൈന്‍സുകള്‍ ഇവരെ പുറത്തേക്കു വിടൂ.
നിയമലംഘന കേസുകളില്‍ അകപ്പെടുന്നവര്‍ തങ്ങളുടെ കേസ് ഫയല്‍ ശരിയാംവിധം തീര്‍പ്പാക്കിയിട്ടില്ലെങ്കിലും പിന്നീട് പൊല്ലാപ്പിലാകുമെന്നും സാമൂഹിക പ്രവര്‍ത്തര്‍ പറയുന്നു.
ഇരുപതു വര്‍ഷം മുമ്പ് ഒരു മദ്യസേവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുന്നതിന് ദമാം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തന്റെ പേരില്‍ മത്‌ലൂബ് കേസ് നിലവിലുണ്ടെന്ന് അറിയുന്നത്. ഇതോടെ യാത്ര മുടങ്ങി. എല്ലാ വര്‍ഷവും നാട്ടിലേക്ക് അവധിയില്‍ പോകാറുണ്ടെങ്കിലും 20 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഈ കേസ് ഉയര്‍ന്നു വന്നത്. ഇതിനു സമാനമായി നിരവധി കേസുകള്‍ ഉയര്‍ന്നു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ മുന്‍കാലത്ത് ഇത്തരം കേസുകള്‍ തീര്‍പ്പാക്കത്തവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

 

 

Latest News