Sorry, you need to enable JavaScript to visit this website.

വിദേശ മലയാളികളില്‍നിന്ന് പണം തട്ടിയ യുവാവിനെതിരെ പരാതി പ്രളയം

കൊച്ചി- എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തികൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വിദേശ മലയാളിയില്‍നിന്ന് പണം തട്ടിയതിന് സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര ശാന്തി നഗര്‍ തെക്കേമണ്ണില്‍ വീട്ടില്‍ ജോബിന്‍ ജോയി (32) ക്കെതിരെ പരാതി പ്രളയം. പത്രവാര്‍ത്തയെ തുടര്‍ന്ന് ഇയാളുടെ തട്ടിപ്പിന് ഇരയായവരും ഇയാള്‍ സീറ്റ് വാഗ്ദാനം നല്‍കിയിരിക്കുന്നതുമായ ആളുകളുമാണ് സെന്‍ട്രല്‍ പോലീസിനെ സമീപിച്ചത്.     
മെഡിക്കല്‍ കോളേജ് അഡ്മിഷന്റെ എല്ലാ വശങ്ങളും അറിയാവുന്ന പ്രതി അപേക്ഷ സമര്‍പ്പിക്കുന്ന സമയങ്ങളില്‍  ഓഫീസുകളുടെ പരിസരങ്ങളില്‍ കറങ്ങിനടന്ന് കോളേജ് മാനേജ്മെന്റുമായി അടുത്ത ബന്ധമുണ്ടെന്ന് അപേക്ഷകരെ വിശ്വസിപ്പിക്കും. തുടര്‍ന്ന് നന്നായി സംസാരിക്കാരിക്കാനറിയാവുന്ന പ്രതി അഡ്മിഷനായി എത്തുന്നവരുടെ പക്കല്‍ നിന്ന് കുറഞ്ഞ തുകയ്ക്ക് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുകയായിരുന്നു ചെയ്തിരുന്നത്.
കലൂര്‍ സ്വദേശിയായ ഒരു ഡോക്ടറുടെ 23 ലക്ഷം രൂപയും വൈക്കം സ്വദേശികളായ മൂന്നുപേരുടെ കൈയില്‍നിന്ന് 20 ലക്ഷം രൂപ വീതം 60 ലക്ഷം രൂപയും പാലാരിവട്ടം സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപയും  പ്രതി എം.ബി.ബി.എസിന് അഡ്മിഷന്‍ വാഗ്ദാനം നല്‍കി കൈക്കലാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഷനെ സമീപിച്ച പരാതിക്കാരെ അതാതു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ച് അയച്ചു.
അമൃത ഹോസ്പിറ്റല്‍, കാരക്കോണം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശനം വാങ്ങിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. എന്‍.ആര്‍.ഐ, മാനേജ്മെന്റ് കോട്ടയിലേക്ക്് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രധാനമായും പ്രതി തടിപ്പ് നടത്തുന്നത്. രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് തെറ്റിധരിപ്പിച്ചും വലിയ ആളാണെന്നു ബോധ്യപ്പെടുത്താന്‍ സ്റ്റാര്‍ ഹോട്ടലുകളുടെ ബില്ലും മറ്റും തട്ടിപ്പിന് ഇരയാകുന്നവരെ പ്രതി കാണിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എറണാകുളത്തിന് പുറമേ മറ്റു ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായും കോളേജ് അഡ്മിഷന്‍ നടക്കുന്ന സമയത്ത് പ്രതിയെ പിടികൂടാന്‍ സാധിച്ചത് പലരുടെയും പണം നഷ്ടമാകാതിരിക്കാന്‍ സഹായകമായതായും സെന്‍ട്രല്‍ സി.ഐ. എസ്.വിജയശങ്കര്‍ പറഞ്ഞു.
സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം എ.സി.പി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്.ഐ കെസുനുമോന്‍, എ.എസ്.ഐ അരുള്‍, എസ്.സി.പി.ഒമാരായ അനില്‍, ജാക്സണ്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News