റിയാദ് - റോട്ടാന ഓഡിയോ, വീഡിയോ കമ്പനിക്ക് 50 ലക്ഷം റിയാൽ പിഴ ചുമത്തിയതായി ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ അറിയിച്ചു.
വിപണിയിലെ ആധിപത്യം ദുരുപയോഗിച്ച് ഒരു ഉൽപന്നം വിൽക്കുന്നതിന് മറ്റൊരു ഉൽപന്നം വാങ്ങണമെന്ന വ്യവസ്ഥ അടിച്ചേൽപിച്ചതിനാണ് കമ്പനിക്ക് 50 ലക്ഷം റിയാൽ പിഴ ചുമത്തിയത്. ഈ തീരുമാനം റിയാദ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീൽ കോടതി ശരിവെച്ചു.
പ്രാദേശിക വിപണിയിൽ നീതിപൂർവകമായ മത്സരം ഉറപ്പുവരുത്തുന്ന കോംപറ്റീഷൻ നിയമം റോട്ടാന ഓഡിയോ, വീഡിയോ കമ്പനി ലംഘിക്കുന്നതായി ഉപയോക്താക്കളിൽ നിന്ന് അതോറിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കമ്പനി, വിപണിയിൽ തങ്ങൾക്കുള്ള ആധിപത്യം മുതലെടുത്ത് ഒരു ഉൽപന്നം വിൽക്കുന്നതിന് മറ്റൊരു ഉൽപന്നം വാങ്ങണമെന്ന വ്യവസ്ഥ അടിച്ചേൽപിച്ചതായി തെളിയുകയായിരുന്നു. തുടർന്ന് കമ്പനിക്കെതിരെ അതോറിറ്റി നിയമ നടപടി സ്വീകരിക്കുകയായിരുന്നു.






