മക്ക - ഹജ് ദിവസങ്ങളിൽ അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമുള്ള തീർഥാടകർക്ക് സഹായത്തിനായി മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളിൽ ആരോഗ്യ മന്ത്രാലയം ആറു ഹെലിപാഡുകൾ സജ്ജീകരിച്ചു. മക്കയിൽ മൂന്നും പുണ്യസ്ഥലങ്ങളിൽ മൂന്നും ഹെലിപാഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മക്കയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി, അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, ഹിറാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലും പുണ്യസ്ഥലങ്ങളിൽ ഈസ്റ്റ് അറഫ ആശുപത്രി, അറഫ ജനറൽ ആശുപത്രി, മിന അൽത്വവാരി ആശുപത്രി എന്നിവിടങ്ങളിലുമാണ് ഹെലിപാഡുകളുള്ളത്.
ഇവ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്തു. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവ അടക്കം അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമുള്ള കേസുകൾ വിദഗ്ധ ചികിത്സ ലഭ്യമായ ആശുപത്രികളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനാണ് ഹെലിപാഡുകൾ ഉപയോഗിക്കുക. ആശുപത്രികൾക്കിടയിൽ ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ജീവനക്കാരെ നീക്കം ചെയ്യുന്നതിനും എയർ ആംബുലൻസുകൾ ആരോഗ്യ മന്ത്രാലയം പ്രയോജനപ്പെടുത്തും.