Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംഘിയാക്കാനുള്ള നീക്കം ലജ്ജാകരം- പി. സുരേന്ദ്രൻ

എടപ്പാൾ- തന്നെ സംഘ്പരിവാറിന്റെ ആലയിൽ കെട്ടാനുള്ള നീക്കം ലജ്ജാവഹമെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ. ജീവന്റെ തുടിപ്പ് നിൽനിൽക്കുന്നത് വരെ സംഘ്പരിവാറിനെതിരെ പൊരുതുമെന്നും സംഘ്പരിവാർ ഇന്ത്യയുടെ ആത്മാവിനേറ്റ വൈറസാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞദിവസം സംഘ്പരിവർ സംഘടനയുടെ സെമിനാറിൽ പങ്കെടുത്തതിനെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഇതാണ് നിലപാട് വ്യക്തമാക്കി സുരേന്ദ്രൻ രംഗത്തെത്തിയത്. 
സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

താൻ സംഘ്പരിവാറിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞ് ഒരു പ്രചാരണം നടക്കുന്നതായി അറിഞ്ഞു. ഞാൻ എഫ്.ബിയിൽ സംവാദത്തിന് പോകാറില്ല. എനിക്കതിന് സമയവുമില്ല. പറയാനുള്ള കാര്യങ്ങൾ തെരുവിൽനിന്ന് ജനങ്ങളോട് നേരിട്ട് പറഞ്ഞാണ് ശീലം. ഞാൻ പങ്കെടുത്തത് ഒരു വിദ്യാഭ്യാസ സെമിനാറിലായിരുന്നു. ആ ആഴ്ച അവരുടെ വിദ്യാഭ്യാസ സെമിനാറിൽ പല രാഷ്ട്രീയ പാർട്ടികളുടെ ആശയലോകങ്ങളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തിരുന്നു. അവർ അവതരിപ്പിച്ച പേപ്പറിനോട് അതിരൂക്ഷമായി എതിർത്താണ് ഞാൻ എന്റെ ആശയങ്ങൾ അവതരിപ്പിച്ചത്. സെമിനാർ, സംവാദം എന്നൊക്കെ പറയുമ്പോൾ എല്ലാ പ്രസ്ഥാനക്കാരും വ്യത്യസ്ത ആശയക്കാരെ വിളിക്കും. അതാണ് അതിന്റെ ശരിയും. ഞാൻ ആ പ്രഭാഷണത്തിൽ അതിരൂക്ഷമായി സംഘ്പരിവാർ പ്രത്യയശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. ഇതേവേദിയിൽ സംസാരിച്ച കോൺഗ്രസിന്റെ സഹയാത്രികനായ ഡോ. കൃഷ്ണൻ നായരും ഇതേനിലപാടാണ് സ്വീകരിച്ചത്. മാതൃഭൂമിയുടെ തലക്കെട്ടിൽ ഒരു പ്രശ്‌നമുണ്ട്. ഭാരതതിന് തനതായ പൈതൃകം ഇല്ല എന്നാണ് ഞാൻ പ്രസംഗിച്ചത്. എന്റെത് അടിമുടി ഫാഷിസ്റ്റ് വിരുദ്ധവും ജനാധിപത്യപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്നതുമായ രാഷ്ട്രീയമാണ്. മുസ്ലിംകളോടും ദലിതുകളോടും ചേർന്നാണ് ഞാൻ ഇന്ത്യയിൽ നിലനിൽക്കുന്നത്. കൊക്കിൽ ജീവനുള്ള കാലത്തോളം എന്റെ നിലപാട് ഇതായിരിക്കും. എന്റെ സുഹൃത്തുക്കൾക്ക് ഒരാശങ്കയും വേണ്ട. ആർ.എസ്.എസും അതിന്റെ ആശയമണ്ഡലവും ചേർന്ന വലിയ ഒരു സംഘത്തെയാണ് നമ്മൾ സംഘപരിവാർ എന്ന് വിളിക്കുന്നത്. ഇന്ത്യയെ അപകടപ്പെടുത്തുന്ന മാരകമായ വൈറസാണിത്. എന്നാൽ ഈ വൈറസിനെയും ഇന്ത്യ അതിജീവിക്കും. സംഘ്പരിവാർ ആളുകളെ വിലക്കുവാങ്ങുന്നുണ്ടായിരിക്കും. ഞാൻ എന്നെ വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സംഘപരിവാർ വഴി ലഭിക്കുന്ന അധികാരങ്ങളോ സുഖസൗകര്യങ്ങളോ എനിക്കാവശ്യമില്ല. ഒരുപാട് നിരാകരണങ്ങൾ സഹിച്ചുജീവിക്കുന്ന ചെറിയൊരു എഴുത്തുകാരനാണ് ഞാൻ. എന്റെ ചെറിയ ഇടത്തിൽ ഞാൻ സംതൃപ്തനാണ്. എനിക്ക് ജീവിക്കാനുള്ള വക ഞാൻ അദ്ധ്വാനിച്ചുണ്ടാക്കുന്നുണ്ട്. അതുമതി. ഒരു പ്രസ്ഥാനത്തിന്റെയും സഹയാത്രികനല്ല ഞാൻ. എന്റെ എല്ലാ കമ്മിറ്റികളും ഞാൻ തന്നെയാണ്. എനിക്ക് സ്വയം നിലപാടുകൾ എടുക്കാം എന്നർത്ഥം. അമിതമായ വിശപ്പുള്ള ഒരാളല്ല ഞാൻ. ആരുടെയും അടുക്കളപ്പുറത്ത് നിരങ്ങേണ്ട ആവശ്യമില്ല. എന്റെ അടുക്കളയിലെ ഭക്ഷണം തന്നെ ധാരാളം. വയസ് അറുപതിനോട് അടുക്കുന്നു. ഇതുവരെ എങ്ങിനെ പോരാടിയോ അങ്ങിനെ തന്നെ തുടരും. അടഞ്ഞ കംപാർട്ടുമെന്റുകളിൽ എനിക്ക് താൽപര്യമില്ല. തുറന്ന സംവാദലോകമാണ് എനിക്കിഷ്്ടം. ഫാഷിസ്റ്റുകളുമായും സംവദിക്കാം. വർഷങ്ങൾക്ക് മുമ്പും അപൂർവ്വമായി ഇത്തരം വേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. 
സി.പി.എമ്മിന്റെ അപകടകരമായ കൊലപാതക രാഷ്ട്രീയത്തെ എതിർക്കുന്ന ആളാണ് ഞാൻ. ആ എതിർപ്പ് നിലനിർത്തി അപൂർവ്വമായി അവരുടെ വേദിയും പങ്കിട്ടിട്ടുണ്ട്. ഇത്തരം വേദികൾ പങ്കിടരുത് എന്നാണ് എന്റെ സുഹൃത്തുക്കൾ പറയുന്നതെങ്കിൽ അത്തരം തീരുമാനവുമെടുക്കാം. ഞാനിവിടെ നിലനിൽക്കുന്നത് എന്റെ മിത്രങ്ങളുടെ പിന്തുണ കൊണ്ടാണ്. വെറുപ്പല്ല എന്റെ പ്രത്യയശാസ്ത്രം. സ്‌നഹമാണ്. മാധ്യമങ്ങളുടെ അജണ്ടയിലും എനിക്ക് താൽപര്യമില്ല.
 

Latest News