Sorry, you need to enable JavaScript to visit this website.

സോൻഭദ്ര വെടിവെപ്പ്: പ്രിയങ്കയുടെ പ്രതിഷേധത്തിൽ മുട്ടുമടക്കി സർക്കാർ 

മിർസാപൂർ(യു.പി)- സോൻഭദ്ര വെടിവയ്പ്പിലെ ഇരകളെ കാണാതെ മടങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് മുന്നിൽ മുട്ടുമടക്കി യു.പി സർക്കാർ. പ്രിയങ്ക തങ്ങുന്ന ഗസ്റ്റ് ഹൗസിലെത്തിയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ചിലർ പ്രിയങ്കയെ സന്ദർശിച്ചത്. മിർസാപുരിലെ ഗസ്റ്റ് ഹൗസിലാണ് ഇരകളുടെ ബന്ധുക്കൾ എത്തിയത്. ഇന്ന് രാവിലെയാണ് ഇരകളുടെ ബന്ധുക്കൾ എത്തിയത്. ഇവരെ പോലീസ് തടഞ്ഞില്ല. പതിനഞ്ച് പേർ എത്തിയിരുന്നുവെന്നും എന്നാൽ രണ്ടുപേരെ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബാക്കിയുള്ളവരെ അങ്ങോട്ട് ചെന്ന് കാണാനും തന്നെ അനുവദിച്ചില്ല. എന്ത് തരം മാനസികാവസ്ഥയിലാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും പ്രിയങ്ക വ്യക്തമാക്കി. 
ഇന്നലെ രാത്രി തന്നെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ അനുവദിക്കില്ലെന്നും ഗസ്റ്റ് ഹൗസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. താൻ നിയമം ലംഘിച്ചിട്ടില്ലെന്നും ഇരകളെ കാണാതെ പിരിഞ്ഞുപോകില്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും പ്രിയങ്ക വ്യക്തമാക്കി. ഇന്നലെ ഗസ്റ്റ് ഹൗസിലിരുന്ന പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും നീക്കാൻ ഗസറ്റ് ഹൗസിലെ വൈദ്യുത ബന്ധം അധികാരികൾ വിച്ഛേദിച്ചിരുന്നു. എന്നാൽ പ്രിയങ്ക മൊബൈൽഫോൺ വെളിച്ചത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരായി മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു. ഭൂമിതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദർശനത്തിന് മുന്നോടിയായി സോൻഭദ്രയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മിർസാപ്പൂരിൽ പ്രിയങ്കയെ തടയുകയായിരുന്നു.താനുൾപ്പടെ നാലുപേർ മാത്രമേ സോൻഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനൽകിയെങ്കിലും പൊലീസ് അനുവാദം നൽകിയില്ല. തുടർന്ന് മിർസാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിർസാപ്പൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോൻഭദ്ര സന്ദർശിക്കാതെ മടങ്ങില്ലെന്നാവർത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു.
 

Latest News