Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ കൊന്ന ഇന്ത്യക്കാരിയ്ക്ക്  യു.കെയില്‍ ആറ് വര്‍ഷം തടവ് 

ലണ്ടന്‍- വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരിയ്ക്ക് ലണ്ടന്‍ കോടതി 6 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 7 വര്‍ഷം കാത്തിരുന്നു ഐവിഎഫ് വഴി ലഭിച്ച ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അടിച്ച് കൊന്ന കേസില്‍ 33കാരി ശാലിനി പത്മനാഭയ്ക്കാണ് ലണ്ടന്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഇവര്‍ക്കെതിരെ ചുമത്തിയ നരഹത്യാ കേസ് കോടതി അംഗീകരിക്കുകയായിരുന്നു.  വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശാലിനിയ്ക്കും, ഭര്‍ത്താവിനും 2017 ഫെബ്രുവരിയില്‍ പെണ്‍കുഞ്ഞ് പിറന്നത്. മാസം തികയാതെ പിറന്ന മകള്‍ക്ക് തലയില്‍ ദ്വാരമുണ്ടായിരുന്നു. നിരവധി ഓപ്പറേഷനുകള്‍ നടത്തിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. നാല് മാസത്തോളം കുഞ്ഞ് ആശുപത്രി വാസത്തിലായിരുന്നു. 
പിന്നീട് വീട്ടിലെത്തിയതോടെ കുഞ്ഞിനു നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളാണ്. വളരെ ശ്രദ്ധയും ട്യൂബ് വഴി ഭക്ഷണവും നല്‍കേണ്ടതായിരുന്നു. പരിചരണത്തിന് പകരം കുഞ്ഞിന് ലഭിച്ചത് അമ്മയുടെ ക്രൂരമായ പീഡനവും. തലയ്ക്ക് അതീവ ഗുരുതരമായ പരുക്കുകളാണ് കുഞ്ഞിന് ഉണ്ടായത്. അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തിലോ, ഏതെങ്കിലും ബലമുള്ള ഇടത്ത് തല ഇടിപ്പിച്ചോ ആണ് പരുക്കേറ്റതെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു.
കുഞ്ഞിനെ പിടിച്ച് ശക്തിയോടെ കുലുക്കുകയും, വാരിയെല്ലുകള്‍ വരിഞ്ഞുമുറുക്കിയും, കാലില്‍ പിടിച്ച് വലിച്ച് തിരിച്ചും ഏറ്റ പരുക്കുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടത്. കൊലപാതക കുറ്റത്തില്‍ മോചിപ്പിച്ചെങ്കിലും നരഹത്യക്കും, 16 വയസ്സില്‍ താഴെയുള്ളവര്‍ക്കെതിരെ കാണിച്ച ക്രൂരതയ്ക്കും ശാലിനി കുറ്റക്കാരിയെന്ന് കോടതി വിധിക്കുകയായിരുന്നു.
2017 ആഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആഗസ്റ്റ് 24 നാണ് ശാലിനിയെ അറസ്റ്റ് ചെയ്യുന്നത്. 

Latest News