പനാജി-ഗോവയിലെ ബീച്ചില്‍ 15 വയസ്സുള്ള ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കാര്‍ലെറ്റ് കീലിംഗ് ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ഒരു ദശാബ്ദത്തിന് ശേഷം പ്രതിയ്ക്ക് ശിക്ഷ. പ്രതിയായ ബീച്ചിലെ ഷാക്ക് ജോലിക്കാരനായ 36കാരന്‍ സാംസണ്‍ ഡിസൂസയ്ക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ബോംബെ കോടതി വിധിച്ചത്. ശിക്ഷ അനുഭവിക്കുന്ന കാലഘട്ടത്തില്‍ കഠിനമായ ജോലികള്‍ നല്‍കാനും കോടതി വിധിയുണ്ട്. മകള്‍ക്ക് നീതി ലഭ്യമാക്കാന്‍ 11 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് 55 കാരിയായ അമ്മ ഫിയോണ.
ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ 15 വയസ്സുള്ള ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കാര്‍ലെറ്റ് കീലിംഗിന്റെ മുറിവേറ്റ അര്‍ദ്ധനഗ്‌നമായ ശരീരമാണ് 2008 ഫെബ്രുവരിയില്‍ ഗോവയിലെ അന്‍ജുന ബീച്ചിന്റെ തീരത്ത് കണ്ടെത്തിയത്. ആദ്യം രണ്ട് പ്രദേശവാസികളെ കേസില്‍ അറസ്റ്റ് ചെയ്ത് കുറ്റം ചാര്‍ത്തിയെങ്കിലും ഇരുവരെയും 2016ല്‍ പീഡനക്കേസിലും, കൊലപാതകത്തിലും വെറുതെവിട്ടു. ഗോവ പൊലീസ് ആദ്യം ഈ കൊലപാതകത്തെ അപകടമരണം ആക്കി മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌കാര്‍ലെറ്റിന്റെ അമ്മ മകളുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തുകയും, അങ്ങനെ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. രണ്ടാമത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.
കേസ് ഹൈക്കോടതിയില്‍ എത്തിയതോടെ കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും, മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത് . ആദ്യം കുറ്റം സമ്മതിച്ച ഡിസൂസ പിന്നീട് പോലീസ് പീഡിപ്പിച്ച് പറയിച്ചതാണെന്ന് മൊഴി മാറ്റുകയായിരുന്നു.
താന്‍ വളരെയധികം വേദന അനുഭവിച്ചു. എന്നാല്‍ അവസാനം നീതി ലഭിച്ചു എന്നു ഫിയോണ പറഞ്ഞു. പോലീസുകാരുടെ ഭാഗത്തു നിന്നും വളരെയധികം നിസ്സഹകരണം ആണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.






