ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടില്ല,  എട്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു 

ബോണ്‍ഗിര്‍-ക്ലാസ് ലീഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചരണ്‍(13) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാമണ്ണപ്പേട്ട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.
ചരണിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്. ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്നെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടിയോട് പരാജയപ്പെട്ട ശേഷം ചരണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ചരണിനെ ആത്മഹത്യയിലെത്തിച്ചതെന്നും ബോണ്‍ഗിര്‍ ഡിസിപി വ്യക്തമാക്കി. ചരണിന്റെ മാതാപിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Latest News