മോഡിയുടെ വാരാണസി  തെരഞ്ഞെടുപ്പില്‍ കുരുക്ക്  

ലഖ്‌നൗ-പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസി  മണ്ഡലത്തില്‍ നിന്നും നരേന്ദ്ര മോഡി മത്സരിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവാണ് മോഡിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. വാരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ തേജ് ബഹദൂര്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളുകയായിരുന്നു. പത്രികയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പത്രിക സമര്‍പ്പിച്ചതെങ്കിലും പിന്നീട് എസ്ബി-എസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി തേജ് ബഹദൂര്‍ യാദവിനെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ശാലിനി യാദവിനെ മാറ്റിയാണ് സഖ്യം തേജ് ബഹദൂര്‍ യാദവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിയത് തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ ഉത്തരവ് അസുസരിച്ചാണ് വാരാണസിയില്‍ തന്റെ പത്രിക തള്ളിയതെന്നും അതിനാല്‍ മോഡിയുടെ സ്ഥാനാര്‍ത്ഥിത്വം അസാധുവാക്കണമെന്നും തേജ് ബഹദൂര്‍ ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. അടുത്ത മാസം 21ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. സൈനികര്‍ക്ക് വിതരണം ചെയ്യുന്ന മോശം ഭക്ഷണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചതിനാണ് 2017ല്‍ തേജ് ബഹദൂറിനെ ബിഎസ്എഫ് പുറത്താക്കുന്നത്. സൈന്യത്തിന്റെ പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ യാദവ് സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചത്. 

Latest News