Monday , January   27, 2020
Monday , January   27, 2020

കേരളത്തിൽ മഴ കനത്തു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്  

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ പതുക്കെ നീങ്ങുന്ന വാഹനം. കോഴിക്കോട് മാവൂർ റോഡ് ജംഗ്ഷനിൽനിന്നുള്ള ദൃശ്യം 
  • മഴക്കെടുതിയിൽ രണ്ട് മരണം
  • ഡാമുകളിൽ വെള്ളം ഉയരുന്നു
  • നദികൾ കരകവിയുന്നു, കടൽക്ഷോഭം ശക്തം
  • കോഴിക്കോട് നഗരം വെള്ളത്തിൽ മുങ്ങി

തിരുവനന്തപുരം - കാലവർഷം കനത്തതോടെ സംസ്ഥാനത്ത് മഴ ശക്തമായി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കൊല്ലത്തുമായി മഴക്കെടുതിയിൽ രണ്ടു പേർ മരിച്ചു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 20 ന് കാസർകോട്, ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 
21 ന്  മലപ്പുറം, കണ്ണൂർ  ജില്ലകളിലും 22 ന് കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ, അതിശക്തമായോ മഴക്കുള്ള സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പാംബ്ല (ലോവർ പെരിയാർ), കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ ജില്ലാ കലക്ടർ നിർദേശം നൽകി. തുടർന്ന് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ മൂന്നു ദിവസത്തേക്ക് എല്ലാതരം ഖനനത്തിനും നിരോധം ഏർപ്പെടുത്തി. മൂന്നു ദിവസമായി പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പമ്പയിൽ ജലനിരപ്പുയർന്നു. 
പമ്പ ത്രിവേണിയിൽ രാവിലെ ജലനിരപ്പുയർന്ന് ഗണപതി കോവിലിന്റെ പടിവരെ വെള്ളമെത്തി. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
പാംബ്ല ഡാമിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്ത് ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്താൻ നിർദേശം നൽകിയത്. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറും 30 സെന്റിമീറ്റർ ഉയർത്താനാണ് നിർദേശം. 
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദീപ് തീരങ്ങളിൽ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 
ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു.
മഴ ശക്തമായതോടെ കോഴിക്കോട് നഗരപ്രദേശങ്ങളിലും ജില്ലയിലെ പലയിടത്തും വെള്ളം കയറി. രാവിലെ മുതൽ ഉച്ച വരെ തിമർത്തു പെയ്ത മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായി. മാവൂർ റോഡിലും മൊഫ്യൂസൽ സ്റ്റാന്റ് പരിസരത്തും വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. റെയിൽവേ സ്‌റ്റേഷൻ, മാനാഞ്ചിറ റോഡും  ബീച്ച് ആശുപത്രി പരിസരവും വെള്ളത്തിലായതോടെ നഗരത്തിൽ എത്തിയ സ്ത്രീകളും  കുട്ടികളുമടക്കം യാത്രക്കാർ പ്രയാസപ്പെട്ടു.  മാവൂർ റോഡിൽ ഫുട്പാത്ത് പണിക്കായി പൊളിച്ചിട്ട ഭാഗത്ത് വെള്ളം കയറിയത് യാത്രക്കാർക്ക് ഭീഷണിയായി.  സ്ലാബുകൾ തകർന്ന കുഴികളിൽ  വീണ് ഏതാനും പേർക്ക് പരിക്കേറ്റു.  മൊഫ്യൂസിൽ സ്റ്റാന്റിനും കെ.എസ്.ആർ.ടി.സി സ്റ്റാന്റിനുമിടയിലാണ് മഴ വെള്ളം കുത്തിയൊഴുകിയത്. ഇവിടെ  ഓടകൾ കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു. 
യെല്ലൊ അലർട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയിലും മഴ കനത്തു. മൂവാറ്റുപുഴയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയതോടെ മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. കോതമംഗലത്ത് കുട്ടമ്പഴയാർ നിറഞ്ഞു കവിഞ്ഞതോടെ വെള്ളാരംകുത്ത് ആദിവാസി കുടിയിലേക്കുള്ള മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി.  ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായി. കണക്കൻ കടവിൽ ബോട്ട് വേ ഷട്ടർ തകർന്നു. ബുധനാഴ്ച ആരംഭിച്ച മഴ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായി.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയതോടെ യാത്രക്കാർ ദുരിതത്തിലായി. സ്റ്റാൻഡിൽ യാത്രക്കാർക്കായുള്ള ഇരിപ്പിടത്തിലേക്കും  വെള്ളം കയറി. സമീപത്തെ കാനകളിൽനിന്നുള്ള മലിന ജലം പരന്നൊഴുകി. സൗത്ത് റെയിൽവേ സ്‌റ്റേഷൻ, എം.ജി റോഡ്, ഹൈക്കോടതി ജംഗ്ഷൻ, മേനക ജംഗ്ഷൻ, ഗാന്ധി നഗർ എന്നിവിടങ്ങളിലും വെള്ളം കയറി. നഗരത്തിൽ വെള്ളക്കെട്ടായതോടെ കാൽനടക്കാരും ഇരുചക്ര വാഹനക്കാരും ദുരിതത്തിലായി. ചെല്ലാനത്ത് കമ്പനിപ്പടി, വേളാങ്കണ്ണി, ആലുങ്കൽ എന്നിവിടങ്ങളിലാണ് കടൽ ക്ഷോഭം രൂക്ഷമായത്. കടൽവെള്ളം റോഡിലേക്ക് കയറി.

Latest News