Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐയിൽ സാമൂഹ്യ വിരുദ്ധർ  നുഴഞ്ഞു കയറുന്നെന്ന് സി.പി.എം 

തിരുവനന്തപുരം- എസ്.എഫ്.ഐ അടക്കമുള്ള പാർട്ടിയുടെ വർഗ ബഹുജന സംഘടനകളിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. 
ഗൂഢനീക്കത്തോടെ എത്തുന്ന ഇത്തരക്കാർ പലയിടത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ്.എഫ്.ഐ എന്ന പേരിൽ കാമ്പസുകളിൽ പുറത്തു നിന്നും ആക്രമണവാസനയുള്ളവർ അനധികൃതമായി പ്രവേശിക്കുന്നുണ്ട്. ഇതു യൂണിറ്റു കമ്മിറ്റി നേതാക്കളുടെ അറിവോടെയാണ്. ഇതംഗീകരിക്കാൻ കഴിയുന്നതല്ലെന്നും എസ്.എഫ്.ഐ സംസ്ഥാന നേതാക്കൾ പങ്കെടുത്തു കൊണ്ടു കാമ്പസുകളിലെ യൂനിറ്റു കമ്മിറ്റികൾ വിളിച്ചു ചേർക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. യൂനിവേഴ് സിറ്റി കോളേജ് വിഷയത്തിലടക്കം തിരുത്തൽ നടപടികൾ ശക്തമാക്കാനും തീരുമാനിച്ചി ട്ടുണ്ട്. യൂനിവേഴ്‌സിറ്റി കോേളജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ അക്രമം പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു. കോളേജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന നേതൃത്വത്തിനും പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയോടു വേണ്ട രീതിയിൽ ഇടപെടാനും നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നൂവെന്നും എസ്.എഫ്.ഐയിൽ ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. 
കോളേജ് കാമ്പസുകളിലെ എസ്.എഫ്.ഐയുടെ പ്രവർത്തനം വിലയിരുത്തേണ്ടതു സംഘടനയുടെ നേതൃത്വമാണ്. എന്നാൽ യൂനിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ നേതാക്കൾ തന്നെ അക്രമത്തിനു തീരുമാനമെടുത്ത് നേതൃത്വം നൽകുകയായിരുന്നു. യൂനിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ മാധ്യമങ്ങളും പാർട്ടി വിരുദ്ധരും ഒത്തുച്ചേർന്നു സി.പി.എമ്മിനെ ആക്രമിക്കുകയാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ആറു നിയമ സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചും സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ജയിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ നൽകണമെന്നും ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികൾക്കു പാർട്ടി സെക്രട്ടറിയേറ്റ് നിർദേശം നൽകി.

Latest News