Wednesday , January   29, 2020
Wednesday , January   29, 2020

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചതായി ഇറാന്‍; സമ്മര്‍ദം ശക്തമാക്കി അമേരിക്ക

ടെഹ്‌റാന്‍- ഹുര്‍മുസ് കടലിടുക്കില്‍ ബ്രട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് അവകാശപ്പെട്ടു. സ്റ്റെന ഇംപെറോ എന്ന എണ്ണ ടാങ്കറാണ് പിടിയിലായത്. കപ്പല്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലായിരുന്നുവെന്നും ചെറു ബോട്ടുകളും ഹെലിക്കോപ്റ്ററുമെത്തിയാണ് കപ്പല്‍ പിടിച്ചതെന്നും ഉടമകള്‍ പ്രസ്താവനയില്‍ അറിയിച്ചു. കപ്പലുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വടക്കന്‍ ഇറാനിലേക്കാണ് കൊണ്ടു പോയിരിക്കുന്നതെന്നും ഉടമകളായ സ്‌റ്റെനാ ബള്‍ക്ക് പറഞ്ഞു. 30,000 ടണ്‍  ബ്രിട്ടീഷ് കപ്പലിന് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കുകയാണെന്ന് ബ്രിട്ടീഷ് മന്ത്രാലയം അറിയിച്ചു.
അറേബ്യന്‍ ഉള്‍ക്കടലില്‍ ഇറാന്‍  പിടിച്ചെടുത്ത എണ്ണക്കപ്പലും കപ്പലിലെ ജീവനക്കാരെയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക സമ്മര്‍ദം ശക്തമാക്കി.
ഹുര്‍മുസ് കടലിടുക്കിലും പരിസരപ്രദേശങ്ങളിലും സുരക്ഷിതമായ കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പ്രതിബന്ധം സൃഷ്ടിക്കുന്നതിനെ അമേരിക്ക അപലപിക്കുന്നതായി യു.എസ് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2019/07/19/iran.png
ഇറാന്റെ ബ്ലാക്ക്‌മെയിലിംഗ് തന്ത്രങ്ങള്‍ കപ്പല്‍ ഗതാഗത സുരക്ഷയെയും ആഗോള വ്യാപാരത്തെയും ബാധിക്കില്ല എന്ന് ഉറപ്പു വരുത്തുന്നതിന് സഖ്യരാജ്യങ്ങളുമായും പങ്കാളികളുമായും ശക്തമായി സഹകരിക്കുന്നത് അമേരിക്ക തുടരുമെന്ന് യു.എസ് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
അറേബ്യന്‍ ഉള്‍ക്കടലില്‍ സ്വതന്ത്രമായ കപ്പല്‍ ഗതാഗതം ഉറപ്പു വരുത്തുന്നതിന് ശ്രമം ആരംഭിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാണ്ടന്റ് മേധാവി ജനറല്‍ കെന്നത് മക്കന്‍സിയും പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ബ്രിട്ടനും ഇറാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതും ചരക്കുകളുടെ സ്വതന്ത്ര നീക്കം ഉറപ്പു വരുത്തുന്നതും ബ്രിട്ടന്‍ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പെന്നി മര്‍ഡോന്റ് പറഞ്ഞു.
അതേസമയം, ഹുര്‍മുസ് ഉള്‍ക്കടലിനു മുകളില്‍ ഇറാന്റെ പൈലറ്റില്ലാ വിമാനം അമേരിക്ക വെടിവെച്ചിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പടക്കപ്പലിന്റെ ആയിരം യാര്‍ഡ് അടുത്തു വരെ എത്തിയ ഡ്രോണ്‍ മുന്നറിയിപ്പുകളുമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഡ്രോണുകളൊന്നും അടുത്തിടെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. സ്വന്തം ഡ്രോണ്‍ അബദ്ധത്തില്‍ അമേരിക്ക വെടിവെച്ചിട്ടതാകാമെന്നും ഇറാന്‍ സൂചിപ്പിച്ചു.
എണ്ണ കടത്തുകയായിരുന്ന വിദേശ ടാങ്കര്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടികൂടിയതായി ഇറാന്‍ അറിയിച്ചിട്ടുണ്ട്. ലറാക് ദ്വീപില്‍ നിന്ന് ഒമാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ ഇറാന്‍ ദ്വീപായ ഖശമിനു സമീപം ഹുര്‍മുസ് കടലിടുക്കില്‍ വെച്ചാണ് എണ്ണ ടാങ്കറില്‍ നിന്ന് അവസാനമായി സിഗ്നല്‍ ലഭിച്ചത്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് മെയ് മധ്യം മുതലുണ്ടായ ആക്രമണ പരമ്പരകള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ഈ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്. അറേബ്യന്‍ ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഷിപ്പിംഗ് കമ്പനികള്‍ സുരക്ഷാ ഗാര്‍ഡുമാരെ നിയോഗിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, യൂറോപ്യന്‍ യൂനിയന്‍, അമേരിക്കന്‍ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ നീക്കം ചെയ്യുന്നതിനിടെ കസ്റ്റഡിയിലെടുത്ത ഇറാന്‍ ടാങ്കര്‍ മുപ്പതു ദിവസം കൂടി കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി വിധിച്ചു. 21 ലക്ഷം ബാരല്‍ എണ്ണ വഹിച്ച സൂപ്പര്‍ ടാങ്കര്‍ ബ്രിട്ടീഷ് റോയല്‍ മറീനുകളും ജിബ്രാള്‍ട്ടര്‍ പോലീസും ചേര്‍ന്ന് ജൂലൈ നാലിനാണ് തടഞ്ഞത്.

 

Latest News