Sorry, you need to enable JavaScript to visit this website.

യൂനിവേഴ്‌സിറ്റി കോളേജ് : സമരം നേരിടാനാവാതെ സർക്കാർ 

തിരുവനന്തപുരം- യൂനിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ എബിവിപിയും കെഎസ്‌യുവും നടത്തുന്ന സമരത്തെ നേരിടാനാകാതെ കുഴഞ്ഞിരിക്കുകയാണ് സർക്കാർ. സെക്രട്ടറിയേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ വോട്ട് നേടി അധികാരത്തിൽ എത്തിയ മന്ത്രിമാർക്ക് അവരിൽ നിന്നും സുരക്ഷയൊരുക്കാൻ സെക്രട്ടറി#േയറ്റിൽ രണ്ടര കോടി രൂപയാണ് ചെലവാക്കുന്നത്. ഇതിന്റെ ഭാഗമായി 101 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയാണ്. എല്ലാ മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് വിദ്യാർഥി പ്രതിഷേധക്കാർ ഇരമ്പി എത്തിയതിനെ നേരിടാൻ പോലീസ് സംവിധാനവും  പരാജയപ്പെട്ടതോടെ സാധാരണക്കാരുടെ പ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഇനിയും ഇത്തരം സമരങ്ങൾക്ക് സാധ്യത കാണുകയാണ് സർക്കാർ. ഇത് മുന്നിൽ കണ്ട് സെക്രട്ടറിയേറ്റിനുള്ളിലേക്ക് പൊതുജനങ്ങൾക്കു കയറാൻ കഴിയാത്ത തരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ മാസങ്ങൾ കാത്തിരുന്ന് തങ്ങളുടെ വേവലാതികൾ ധരിപ്പിക്കാൻ സെക്രട്ടറിയേറ്റിലെത്തുന്നവരെ പടിക്ക് പുറത്തുനിർത്തുകയാണ് പിണറായി സർക്കാർ. നിലവിൽ പൊതുജനങ്ങൾക്ക് കടക്കണമെങ്കിൽ മതിലിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയിരിക്കുന്ന കൗണ്ടറിൽ നിന്ന് വ്യക്തിഗത വിവരങ്ങളും ഏത് വകുപ്പിലേക്കാണെന്നതും കാരണവും നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച് നൽകിയാലേ പാസ് നൽകുകയുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പാസ് നൽകുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
കൂടുതൽ വനിതാ പോലീസുകാരെയും  അനെക്‌സ് 1, അനെക്‌സ് 2 മന്ദിരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ആറു മന്ത്രിമാരുടെ ഓഫീസ് പ്രവർത്തിക്കുന്ന അനെക്‌സ് 2 മന്ദിരത്തിൽ രണ്ടരക്കോടി രൂപ മുടക്കി സുരക്ഷ കൂട്ടാൻ പൊതുഭരണ വകുപ്പ് അനുമതി നൽകി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, എം.എം. മണി, വി.എസ്. സുനിൽകുമാർ എന്നിവരുടെ ഓഫീസുകളാണ് ഇവിടെയുള്ളത്. 101 നിരീക്ഷണ ക്യാമറകൾ, മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങൾ എന്നിവ ഏർപ്പെടുത്താൻ രണ്ടരക്കോടി രൂപ അനുവദിച്ചത്.
നിലവിൽ നാലു പ്രധാന ഗേറ്റുകളിൽ മൂന്നെണ്ണവും അടച്ചിട്ടിരിക്കുകയാണ്. തുറന്നിട്ട കണ്ടോൺമെന്റ് ഗേറ്റിലാകട്ടെ കർശന പരിശോധനകൾക്കു ശേഷമാണു സന്ദർശകരെ കടത്തിവിടുന്നത്. പ്രതിഷേധക്കാർ ബുധനാഴ്ച മതിൽ ചാടിക്കടന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ബ്ലോക്കിന്റെ വാതിൽക്കൽ വരെയെത്തിയിരുന്നു. വരുംദിവസങ്ങളിലും സമാന പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കർശന സുരക്ഷ വേണമെന്നും സ്‌പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Latest News