Sorry, you need to enable JavaScript to visit this website.

അഖിലിനെ കുത്തിയ കത്തി കോളേജിലെ ചവറ്റുകൂനയിൽ 'കണ്ടെടുത്തു'

തിരുവനന്തപുരം- യൂനിവേഴ്‌സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിൽ മുഖ്യ പ്രതികളായ എസ്.എഫ്.ഐ മുൻ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും  മുൻ സെക്രട്ടറി നസീമിനെയും കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി കോളേജിലെ ചവറ്റുകൂനയിൽനിന്ന് കണ്ടെടുത്തു. ശിവരഞ്ജിത്താണ് കത്തി പോലീസിന് എടുത്തു നൽകിയത്. 
ആക്രമണത്തിന് ഒരാഴ്ച മുമ്പ് കത്തി ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നും ഇടിമുറിയിലാണ് കത്തി സൂക്ഷിച്ചതെന്നും പ്രതികൾ മൊഴി നൽകി. ആവശ്യമനുസരിച്ച് നിവർത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നാണ് പോലീസ് പറയുന്നത്. കൈപ്പിടിയിൽ ഒതുക്കാവുന്ന വലിപ്പമേ കത്തിക്ക് ഉള്ളൂ എന്നും പോലീസ് വ്യക്തമാക്കുന്നു. 
അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന ചവറ്റുകൂനക്ക് അകത്താണ് പ്രതികൾ കത്തി ഒളിപ്പിച്ചിരുന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ നേരത്തെ തീരുമാനിച്ച തിരക്കഥക്ക് അനുസരിച്ചാണ് കത്തി കണ്ടെടുക്കലെന്ന് ആക്ഷേപമുണ്ട്. സംഘർഷം നടക്കവേ കത്തി എവിടെ ഉപേക്ഷിച്ചു എന്ന് അറിയില്ലെന്നാണ് പ്രതികൾ ആദ്യം വ്യക്തമാക്കിയത്. എന്നാൽ തെരച്ചിൽ നടത്താതെ തെളിവെടുപ്പിൽ പ്രതികൾ കുഴിച്ചിട്ട കത്തി കണ്ടെത്തുകയായിരുന്നു. ഓൺലൈൻ വഴി കത്തി വാങ്ങിയെന്നുള്ളതും തിരക്കഥയുടെ ഭാഗമാണ്. കടകളിൽനിന്ന് വാങ്ങിയതാണെങ്കിൽ അവിടെ കൊണ്ടുപോയി തെളിവെടുക്കേണ്ടിവരും. 
കത്തിയിലും ദുരൂഹത വർധിക്കുന്നു. വിചാരണ സമയത്ത് കേസ് അട്ടിമറിക്കാനുള്ള പഴുതുകൾ കത്തി സംബന്ധിച്ച് ഉണ്ടാകാനിടയുണ്ട്. അഖിലിന് കുത്തേറ്റ മുറിവിന്റെ ആഴവും കണ്ടെടുത്ത കത്തി സംബന്ധിച്ച് പൊരുത്തക്കേടുമുണ്ടെങ്കിൽ കേസ് ദുർബലമാകും. 
ഇരുമ്പ് പൈപ്പും കുറുവടിയും കാമ്പസിനകത്ത് തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയായ ശേഷം ശിവരഞ്ജിത്തിനെയും  നസീമിനെയും കണ്ടോൺമെന്റ് സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി.
അതിനിടെ, യൂനിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ വിശദീകരണം നൽകാൻ ഗവർണറെ കണ്ട് മടങ്ങിയ വൈസ് ചാൻസലർ  ഡോ. വി.പി. മഹാദേവൻ പിള്ളയെ കെ.എസ്.യു പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ചു. വൈകിട്ട് നാല് മണിയോടെയാണ് പിള്ള രാജ്ഭവനിലെത്തിയത്. ഗവർണറെ കണ്ട് മടങ്ങുന്ന വി.സിയുടെ വാഹനം പെൺകുട്ടികൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകർ തടയുകയായിരുന്നു. 
അഞ്ച് മിനിട്ടോളം പ്രവർത്തകർ വി.സിയെ തടഞ്ഞുവെച്ചു. കൂടുതൽ പോലീസ് എത്തിയപ്പോൾ പ്രവർത്തകർ ചിതറിയോടി. ഇതിനിടയിൽ മ്യൂസിയം പോലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest News