Sorry, you need to enable JavaScript to visit this website.

അഭയ കേസിലെ പ്രതി ഫാ. തോമസ് കോട്ടൂര്‍ സഭയിലെ സ്ഥാനം ഒഴിഞ്ഞു

കോട്ടയം -  സിസ്റ്റര്‍ അഭയ കേസിലെ സുപ്രിംകോടതി വിധിക്കു പിന്നാലെ കുറ്റാരോപിതനായ ഫാ. തോമസ് കോട്ടൂര്‍ രൂപതാ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറി. കഴിഞ്ഞ ദിവസം ക്‌നാനായ സഭാ പ്രസിദ്ധീകരണത്തിലാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് വിരമിച്ചതായി അറിയിച്ചത്. സ്ഥാനം മാറ്റിയതല്ല വിരമിച്ചതാണെന്നാണ്  വിശദീകരണം.
വിചാരണ കൂടാതെ വെറുതെ വിടണമെന്ന ഒന്നാം പ്രതി ഫാ. കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെയും ഹര്‍ജികള്‍  15 ന്  സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ഇരുവരോടും വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.   തുടര്‍ന്ന് സുപ്രീം കോടതി പോലും കൈവിട്ട പ്രതിയെ സഭയുടെ ഉന്നതസ്ഥാനത്ത് ഇനി തുടരാന്‍ അനുവദിച്ചാല്‍ സഭാവിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക്  ന്യായീകരണം പറഞ്ഞു നില്‍ക്കാനാവില്ല എന്നുള്ളതിനാലാണ് സഭാനേതൃത്വം അതിരൂപത ചാന്‍സലര്‍ സ്ഥാനത്തു നിന്നും റിട്ടയര്‍ ചെയ്യിപ്പിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപിച്ചു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിനെ പിന്നീട് സ്ഥാനക്കയറ്റം നല്‍കി രൂപത ചാന്‍സലര്‍ ആയി നിയമിച്ചു. പിന്നിട് 2008 ല്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴും  ജയിലില്‍ കിടന്നപ്പോഴും കുറ്റപത്രം കൊടുത്തപ്പോഴും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചാന്‍സലര്‍ സ്ഥാനത്തു തന്നെ തുടരുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സിസ്റ്റര്‍ അഭയ  കേസില്‍ ഫാ.  തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെയുള്ള കുറ്റവിചാരണ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കാനിരിക്കെയാണ് ഫാ.  കോട്ടൂരിനെ അതിരൂപത ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.  27 വര്‍ഷമായ അഭയ കേസിലെ ഒന്നാം പ്രതി ഫാ.  തോമസ് കോട്ടൂര്‍,  മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരെ വിചാരണ കൂടാതെ വെറുതെ വിടണമെന്നു പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് രണ്ടു പ്രതികളും വിചാരണ നേരിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്് കേസില്‍ വീണ്ടും വഴിത്തിരവായി.   ജസ്റ്റിസുമാരായ അബ്ദുള്‍ നസിര്‍,  സുഭാഷ് റെഡ്ഢി എന്നിവരടങ്ങുന്ന ബെഞ്ചാണ് പുതിയ ഉത്തരവിട്ടത്.   
ഫാ.  കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു വേണ്ടി ഹാജരായത് സുപ്രിംകോടതിയിലെ തലമുതിര്‍ന്ന അഭിഭാഷകരായിരുന്നുവെന്ന്് ജോമോന്‍ പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി വിചാരണ നീണ്ടുപോകുകയായിരുന്നു. കോടതിയും ഹൈക്കോടതിയും പ്രതികളുടെ വിടുതല്‍ ഹര്‍ജി നേരത്തെ തള്ളി. അതിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയാണ്് സുപ്രീം കോടതിയില്‍ തീര്‍പ്പാക്കിയത്.
രണ്ടാം പ്രതി ഫാ.  ജോസ് പൂതൃക്കയില്‍,  നാലാം പ്രതി കെടി മൈക്കിള്‍ എന്നീ രണ്ടു പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കാനുളള നീക്കത്തിലാണ് ജോമോന്‍. 1992 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.   കോട്ടയം നഗര ഹൃദയത്തിലെ പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റിലാണ് അന്ന് പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്ന അഭയയുടെ മൃതദേഹം കണ്ടത്്.

 

Latest News