Sorry, you need to enable JavaScript to visit this website.

മഹായിലിൽ നഴ്‌സിന്  അധിക്ഷേപം: ശക്തമായ നടപടി സ്വീകരിക്കുന്നു

അബഹ - മഹായിൽ അസീർ ജനറൽ ആശുപത്രിയിൽ സൗദി നഴ്‌സിനെ വിദേശ ഡോക്ടർ അധിക്ഷേപിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിക്കുന്നു. 
അസീർ പ്രവിശ്യ ആരോഗ്യ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ ഹസൻ അൽശരീഫ് നഴ്‌സിന്റെ ബന്ധുക്കളെ സ്വീകരിച്ച് ചർച്ച നടത്തി. നഴ്‌സിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും പ്രശ്‌നത്തിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും അസീർ ഗവർണറും ആരോഗ്യ മന്ത്രിയും അസീർ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും എൻജിനീയർ ഹസൻ അൽശരീഫ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് നഴ്‌സിന്റെ ബന്ധുക്കൾ പറഞ്ഞു. മഹായിൽ ജനറൽ ആശുപത്രിയിലെ സൗദി നഴ്‌സിനെ റേഡിയോളജിസ്റ്റ് അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപെട്ടാണ് സംഭത്തിൽ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടത്. വിദേശ ഡോക്ടർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. 
ആരോഗ്യ മേഖലാ ജീവനക്കാരോടുള്ള മോശം പെരുമാറ്റങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. രോഗികളോട് മോശമായി പെരുമാറുന്നതും മന്ത്രാലയം അംഗീകരിക്കില്ല. ഇത്തരം നിയമലംഘനങ്ങളെ കുറിച്ച് എല്ലാവരും 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണം. പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 
വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൗദി നഴ്‌സിനെ വിദേശ ഡോക്ടർ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ മറ്റൊരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. 

Latest News