Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി

വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടുന്നു.

മക്ക- ഹജ് തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. തറനിരപ്പിൽനിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ ഉയർത്തിയത്. ഉയർത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുമുണ്ട്. കിസ്‌വ നിർമാണ ഫാക്ടറിയിലെ 50 ലേറെ ജീവനക്കാർ ചേർന്നാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. കടുത്ത തിരക്കിനിടെ ഹജ് തീർഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന ഹജ് സീസണിൽ കിസ്‌വ ഉയർത്തിക്കെട്ടുന്നത് പതിവാണ്.
വ്യാഴാഴ്ച രാത്രി മൂന്നു മണിക്കൂറിലേറെ സമയമെടുത്താണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. ഹജ് തീർഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ചാലും കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടും. മുഹറം പകുതി വരെ ഇത് തുടരും. ഹജ് തീർഥാടകർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകേണ്ട അവസാന ദിവസം മുഹറം 15 ആണ്. വിശുദ്ധ ഹറമിൽ തിരക്കൊഴിയുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടും.
വൃത്തിയായി സൂക്ഷിക്കുന്നതിനും കേടാകാതെ നോക്കുന്നതിനുമാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. തെറ്റായ വിശ്വാസംമൂലം ചിലർ കിസ്‌വയിൽനിന്ന് നൂലുകൾ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലർ അനുഗ്രഹം തേടി കിസ്‌വയെ സ്പർശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കിസ്‌വ ഉയർത്തിക്കെട്ടുന്നതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.

Latest News