Sorry, you need to enable JavaScript to visit this website.

ഫാമിലി ലെവി വാര്‍ത്തയുടെ പിന്നാമ്പുറം

ഇഖാമ പുതുക്കുമ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ച ലെവിയും റീ എന്‍ട്രിയും കൂടിക്കുഴഞ്ഞപ്പോള്‍ വസ്തുത അന്വേഷിക്കാന്‍ പുറപ്പെട്ടത് വെറും കൗതുകം കൊണ്ട് മാത്രമായിരുന്നില്ല. അവധിക്കാലത്ത് നാട്ടിലേക്ക് പോകാനിരിക്കുന്ന അനേകം പേരുടെ ആശങ്കകളായിരുന്നു മനസ്സില്‍.

ലെവി അടച്ചാല്‍ മാത്രമേ റീ എന്‍ട്രി വിസ കിട്ടൂ എന്ന വോയ്‌സ് മെസേജ് വാട്ട്‌സപ്പിലൂടെ എത്തിയപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല. അബ്ശിര്‍ വഴി റീ എന്‍ട്രിക്ക് ശ്രമിച്ചപ്പോള്‍ സിസ്റ്റം തകരാറ് കൊണ്ട് സംഭവിച്ചതായിരിക്കുമെന്നാണ് കരുതിയത്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 100 റിയാല്‍ വീതം  ഫീ നല്‍കണമെന്ന വാര്‍ത്ത വന്നതു മുതല്‍ പ്രചരിക്കുന്നതാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ ഒഴുകിയെന്നുവേണം പറയാന്‍. പല കമ്പനികളുടെ ലെറ്റര്‍ഹെഡില്‍ പലവിധ വിശദീകരണങ്ങള്‍. ഭാര്യക്കും മക്കള്‍ക്കുമില്ല, പിതാവ് ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് മാത്രമാണ് ബാധകം, 18 വയസ്സിനു താഴെയുള്ള മക്കള്‍ക്ക് ബാധകമല്ല തുടങ്ങി എത്രയെത്ര അഭ്യൂഹങ്ങള്‍.

ജൂലൈ ഒന്നിന് ഇറങ്ങിയ പത്രത്തില്‍ ലെവി പ്രാബല്യത്തിലായി എന്ന വാര്‍ത്ത നല്‍കിയപ്പോഴും ഇത് എങ്ങനെയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന വ്യക്തമായ ചിത്രം ലഭിച്ചിരുന്നില്ല. ഇഖാമ പുതുക്കുമ്പോള്‍ പ്രത്യേക ഫീയായി നല്‍കേണ്ടിവരുമെന്നായിരുന്നു ഏകദേശധാരണ.  കാരണം ഈദ് അവധി ദിനങ്ങള്‍ അവസാനിക്കുന്നേയുള്ളൂ. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ, പലരുടേയും ധാരണകള്‍ക്ക് വിരുദ്ധമായി ഇത് പ്രാബല്യത്തില്‍ വരിക തന്നെ ചെയ്യുമെന്ന് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും പ്രസ്താവനകള്‍ ഉദ്ധരിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. പ്രവാസി മലയാളി സമൂഹം ഈ ലെവി അടക്കുന്നതിന് മാനസികമായി തയാറെടുത്തു കഴിഞ്ഞിരുന്നു എന്നും പറയാം.  ലെവിയുടെ ഭാരം ഭയന്ന് ധാരാളം പേര്‍ കുടുംബങ്ങളെ നാട്ടില്‍ അയച്ചിരുന്നുവെന്ന കാര്യവും വിസ്മരിക്കുന്നില്ല.

ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ അവസാനിച്ചയുടന്‍ നാട്ടില്‍ പോകാന്‍ നിരവധി പേര്‍ കാത്തിരിക്കുകയാണ്. ഈ മാസം പത്തിനുശേഷമാണ് പലരും വിമാനം കയറുന്നത്. അവരൊക്കെയും റീ എന്‍ട്രി അടിച്ചു തുടങ്ങുകയാണ്.

നോ ലെവി നോ റീ എന്‍ട്രി എന്ന മെസേജിന്റെ നിജസ്ഥിതി അറിയാന്‍ അത് അയച്ച കൂട്ടുകാരനോട് സ്രോതസ്സ് ചോദിച്ചു. അയാളുടെ സുഹൃത്താണെന്ന് പറഞ്ഞെങ്കിലും നേരിട്ട് അന്വേഷിക്കാന്‍ നമ്പര്‍ കിട്ടിയില്ല. മാത്രമല്ല, ലെവിയാണ് തടസ്സമെന്ന് മനസ്സിലാക്കി തുക അടച്ച ശേഷവും അയാള്‍ക്ക് റീ എന്‍ട്രി കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ നിഗമനത്തിനു ഒന്നു കൂടി ബലം കിട്ടി.

എന്റെ ഫാമിലിയും അടുത്ത ദിവസം നാട്ടില്‍ പോകാനുള്ളതിനാല്‍  200 റിയാല്‍ റീ എന്‍ട്രി ഫീ സദാദ് വഴി എം.ഒ.ഐ പേയ്‌മെന്റ് നടത്തിയ ശേഷം അബ്ശിര്‍ തുറന്ന് റീ എന്‍ട്രിക്ക് ശ്രമിച്ചപ്പോള്‍ ആവശ്യമായ തുകയില്ലെന്ന സന്ദേശമാണ് ലഭിച്ചത്.

വീണ്ടും സിസ്റ്റം തകരാറ് എന്ന നിഗമനം മനസ്സിലുറപ്പിച്ച് ഞങ്ങളുടെ കമ്പനിയിലെ സെക്രട്ടറി മിസ്റ്റര്‍ അഹ്മദിനെ ബന്ധപ്പെട്ടു.  അദ്ദേഹം പറഞ്ഞ സിസ്റ്റം തകരാറ് കുറേക്കൂടി വിശ്വസനീയമായിരുന്നു. അഹ്്മദിന്റെ അകന്ന ബന്ധുവായ പയ്യനെ ഇന്നലെ അടിയന്തിരമായി സുഡാനിലേക്ക് അയക്കേണ്ടതായിരുന്നു. രാത്രി റീ എന്‍ട്രിക്ക് ശ്രമിച്ച് പരാജയപ്പെട്ടതായിരുന്നു അവര്‍. രാവിലെ എയര്‍പോര്‍ട്ടില്‍ പോയിട്ടും ഫലമുണ്ടായില്ല. യാത്ര മുടങ്ങിയ ടിക്കറ്റും പാസ്‌പോര്‍ട്ടും അഹ്മദിന്റെ മേശപ്പറുത്ത്.
വല്ലാഹി സിസ്റ്റം ഖര്‍ബാന്‍ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

മലയാളികള്‍ അവിടെയൊന്നും നില്‍ക്കുന്നവരല്ലല്ലോ. വീണ്ടും വാട്ട്‌സാപ്പ് മെസേജ് എത്തി. ഇത്തവണ ബാങ്കില്‍ ലെവി അടച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും വിശദീകരണവുണ്ടായിരുന്നു. മനസ്സിലാകുന്നില്ലെങ്കില്‍ വീണ്ടും വീണ്ടും കേട്ടാല്‍ മതിയെന്ന ഉപദേശവും ആ സുഹൃത്ത് പ്രചരിപ്പിച്ച സന്ദേശത്തിലുണ്ട്.

ലെവി അടച്ച് റീ എന്‍ട്രിക്ക് ശ്രമിച്ചു നോക്കിയാല്‍ സ്ഥിരീകരിക്കാമല്ലോ എന്നു കരുതി ഞാന്‍ വീണ്ടും ബാങ്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തു. പക്ഷെ എന്റെ ബാങ്കിലെ എം.ഒ.ഐ പേയ്‌മെന്റില്‍ ലെവി അടക്കാനുള്ള സെക്്ഷന്‍ കാണാനില്ല.

വീണ്ടും സെക്രട്ടറിയെ സമീപിച്ച് കാര്യം പറഞ്ഞു. അദ്ദേഹം സിസ്റ്റം ഖര്‍ബാനില്‍ ഉറച്ചുനില്‍ക്കുകകയായിരുന്നു.
അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച സാംബ ഓണ്‍ലൈന്‍ ലോഗിന്‍ ചെയ്യിച്ചപ്പോള്‍ അതാ കിടക്കുന്നു രണ്ട് സെക ്ഷനുകള്‍. ഇഖാമ നമ്പറും എക്‌സ്പയറി തീയതിയും കൊടുത്താല്‍ മൊത്തം ആശ്രിതരുടെ ലെവി അറിയാം. ഒരാളുടെ മാത്രം അടച്ചാല്‍ മതിയെങ്കില്‍ പ്രത്യേകം കൊടുക്കാം.

അദ്ദേഹം തന്നെ എന്റെ ഇഖാമ നമ്പറും തീയതിയും ചേര്‍ത്തു.  ഇഖാമ കാലാവധി തീരുന്നതുവരെ ലെവിയിനത്തില്‍ അടക്കേണ്ടത് 554 റിയാലാണെന്ന് തെളിഞ്ഞുവന്നു. തുക അടച്ച് വീണ്ടും അബ്ശിര്‍ ലോഗിന്‍ ചെയ്ത് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാന്‍ ക്ലിക്ക് ചെയ്തപ്പോള്‍ ദേ കിടക്കുന്ന റീ എന്‍ട്രി.

ഇങ്ങനെ സ്ഥിരീകരിച്ച ശേഷമാണ് ലെവി അടച്ചാല്‍ മാത്രമേ റീ എന്‍ട്രി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ എന്ന വാര്‍ത്ത മലയാളം ന്യൂസ് ഓണ്‍ലൈന്‍ എഡിഷനില്‍ നല്‍കിയത്. മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങളിലേക്കാണ് അത് വൈറലായത്.

അപ്പോഴും വാര്‍ത്തയില്‍ ചേര്‍ക്കാത്ത ഒരു കാര്യമുണ്ടായിരുന്നു. യഥാര്‍ഥത്തിലുള്ള ഇഖാമ വാലിഡിറ്റി തീയതി ചേര്‍ക്കാതെ റീ എന്‍ട്രി ഉദ്ദേശിക്കുന്ന ഒന്നോ രണ്ടോ മാസം മാത്രം കാണിച്ചും ലെവി തുക അടയ്ക്കാന്‍ പറ്റുമായിരുന്നു. ഇഖാമ ഇഷ്യൂ ചെയ്യുമ്പോള്‍ നല്‍കിയ എക്‌സ്പയറി തീയതി അങ്ങനെ മാറ്റിക്കൊടുക്കാമോ എന്ന സംശയമാണ് അക്കാര്യം വാര്‍ത്തയില്‍ കൊടുക്കാതിരിക്കാന്‍ കാരണം. ജവാസാത്ത് ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം.

ലെവി-റീഎന്‍ട്രി കുഴമറിച്ചില്‍ അന്വേഷിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയ മറ്റൊരു കാര്യം ഇതായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. സ്‌പോണ്‍സറുടെ അനുമതി കത്തില്ലാതെ തന്നെ ജീവനക്കാരന് സൗദി അറേബ്യക്കകത്ത് സഞ്ചരിക്കാമെന്ന ഉത്തരവ് വന്നു. ഇത് അഭ്യൂഹമല്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങളുടെ സഹോദര സ്ഥാപനമായ അറബ് ന്യൂസ്  കമ്പനിയുടെ ലെറ്ററില്ലാതെ എഡിറ്റര്‍മാരില്‍ ഒരാളെ എയര്‍പോര്‍ട്ടിലേക്കയച്ചു. അദ്ദേഹത്തിന്റെ യാത്രയോടെയാണ് അക്കാര്യത്തില്‍ സ്ഥിരീകരണമായത്. സൗദിക്കകത്ത് യാത്ര ചെയ്യാന്‍ കഫീലിന്റെ കത്ത് നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

 

Latest News