കശ്മീരില്‍ പി.ഡി.പി നേതാവിന്റെ അംഗരക്ഷകനെ വെടിവെച്ചു കൊന്നു

അനന്ത്‌നാഗ്-ജമ്മു കശ്മീരില്‍ പി.ഡി.പി നേതാവിന്റെ സുരക്ഷാ ഉദ്യോസ്ഥനെ പള്ളിക്കു പുറത്തുവെച്ച് ഭീകരര്‍ വെടിവെച്ചു കൊന്നു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ബന്ധുവും പി.ഡി.പി നോതാവുമായ സജാദ് മുഫ്തിയുടെ അംഗരക്ഷകന്‍ ഫാറൂഖ് അഹ്മദാണ് വെടിയേറ്റു മരിച്ചത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. ബിജ്‌ബെഹാരയിലെ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനായി പോയപ്പാഴാണ് സംഭവം. സജാദിന്റെ വീട്ടില്‍നിന്ന് 50 മീറ്റര്‍ മാത്രം അകലെള്ള പള്ളിയുടെ പുറത്ത് വെച്ചാണ് ഫാറൂഖ് അഹ്്മദ് എന്ന സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്. തൊട്ടടുത്തുവെച്ചാണ് ഭീകരര്‍ ഇയാള്‍ക്കെതിരെ നിറയൊഴിച്ചതെന്നും  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയില്‍നിന്ന് തോക്ക് പിടിച്ചെടുക്കാന്‍ രണ്ട് അക്രമികള്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം തുടങ്ങി.
ഒരാഴ്ചക്കിടെ താഴ്‌വരയില്‍ ഇതു രണ്ടാം തവണയാണ് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിക്കുന്നത്. ഇക്കഴിഞ്ഞ 14 നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സൈദ് തൗകീര്‍ ഷായുടെ അംഗരക്ഷകന്‍ ഭീകരരുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഹില്ലാദ് ഗ്രാമത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ യോഗത്തില്‍ തൗകീര്‍ ഷാ പങ്കെടുക്കവെയാണ് ആക്രമണമുണ്ടായതും സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതും.

 

Latest News