ഉദ്യോഗസ്ഥര്‍ ചതിച്ചുവെന്ന് കേന്ദ്രം; അസം പൗരത്വ പട്ടിക ഇനിയും പുതുക്കണം

ന്യൂദല്‍ഹി- ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള തീയതി ജൂലൈ 31 ല്‍നിന്ന് നീട്ടണമെന്ന് കേന്ദ്രവും അസം സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കരട് പട്ടികയില്‍ തെറ്റായ ഉള്‍പ്പെടുത്തലും ഒഴിവാക്കലും വേര്‍തിരിക്കുന്നതിന്  പൗരന്മാരുടെ 20 ശതമാനം സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് പരമോന്നത നീതിപീഠത്തോടെ ആവശ്യപ്പെട്ടിരിക്കുന്നത്.  അവശേഷിക്കുന്ന ജില്ലകളിലെ അന്തിമ പട്ടികയില്‍ പത്ത് ശതമാനം പേരുകള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നും  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിനാളുകളെ തെറ്റായി ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് സമയപരിധി നീട്ടണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത്. ധാരാളം പേരെ ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയതും ശരിയല്ലെന്നും ഇത് പരിശോധിച്ച് ഉറപ്പാക്കുന്നതിന് സമയപരിധി ജൂലൈ 31 ല്‍നിന്ന് മറ്റൊരു തീയതിയിലേക്ക് നീട്ടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
എന്‍.ആര്‍.സി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 ആയി നേരത്തെ സുപ്രീം കോടതിയാണ് നിശ്ചയിച്ചിരുന്നത്. വീണ്ടും സാമ്പിള്‍ സര്‍വേ നടത്തണമെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം പരിഗണിക്കാന്‍ ജൂലൈ 23 ലേക്ക് മാറ്റി.  
കരട് പട്ടികയില്‍ ഇന്ത്യക്കാരെ ഒഴിവാക്കുകയും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കയാണെന്നും ഇന്ത്യക്ക് ലോകത്തെ അഭയാര്‍ഥി തലസ്ഥാനമായി മാറാന്‍ കഴിയില്ലെന്നും തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞു.
 
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസം ജില്ലകളിലെ അന്തിമ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേരുകളുടെ 20 ശതമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മസാം 17 നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍  സുപ്രീം കോടതിയെ സമീപിച്ചത്.
മറ്റ് ജില്ലകളില്‍നിന്ന് പൗരത്വ അന്വേഷണത്തില്‍ അറിവും പരിചയവുമുള്ള ക്ലാസ് വണ്‍ ഉദ്യോഗസ്ഥരെ സംശയമുള്ള ജില്ലകളില്‍ പുനപരിശോധനക്കായി നിയോഗിക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രാദേശിക സ്വാധീനവും പക്ഷപാതവും ഭീഷണിയും ഇല്ലാതിരിക്കാന്‍ നേരത്തെ എന്‍.എര്‍.സി വെരിഫിക്കേഷന്‍ നടന്ന കേന്ദ്രങ്ങളില്‍നിന്ന് മാറി വേണം പുനപരിശോധനാ കേന്ദ്രങ്ങളെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അസമിനായുള്ള ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട്  2017 ഡിസംബര്‍ 31 നും 2018 ജനുവരി 1 നും ഇടയ്ക്കുള്ള രാത്രിയാണ് പ്രസിദ്ധീകരിച്ചിരുന്നത്. 3.29 കോടി അപേക്ഷകരില്‍ 1.9 കോടി ആളുകളുടെ പേരുകള്‍ പിന്നീട് ഉള്‍പ്പെടുത്തി. ഇന്ത്യയില്‍ ദേശീയ പൗരത്വ രജിസ്റ്ററുള്ള ഏക സംസ്ഥാനമാണ് അസം. ബംഗ്ലാദേശില്‍ നിന്നുള്ള ആളുകളുടെ വരവ് കണക്കിലെടുത്ത് 1951 ലാണ് ആദ്യമായി പൗരത്വം രജിസ്റ്റര്‍ തയ്യാറാക്കിയത്.

 

Latest News