Sorry, you need to enable JavaScript to visit this website.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം വൻ അഴിമതി കേസായി  ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫ് 

തിരുവനന്തപുരം-യൂണിവേഴ്‌സിറ്റി കോളേജ് സംഭവം ക്രിമിനിൽ കേസിനപ്പുറം വൻ അഴിമതിക്കേസായി ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. 
കോളേജിലെ കത്തിക്കുത്ത് കേസിൽ തുടങ്ങിയ സംഭവങ്ങളുടെ വ്യാപ്തി വർധിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് ഫലമില്ലെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നുമുള്ള നിലപാടാണ് ഇന്നലെ ചേർന്ന യോഗം അംഗീകരിച്ചത്. നേരത്തെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച പ്രതിപക്ഷം ഇപ്പോൾ സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗവർണർ തന്നിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കുകയാണ് വേണ്ടതെന്ന് പത്രസമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ പല സർക്കാർ കോളേജുകളിലും അഴിമതിയുടെ കുംഭകോണമാണ് നടക്കുന്നത്. ഓരോ കോളേജുകളിലെയും കാര്യങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിലെയും പി.എസ്.സി പരീക്ഷാ നടത്തിപ്പിലെയും കുറ്റക്കാരെ സംരക്ഷിക്കാൻ സി.പി.എം തിരക്കഥ തയാറാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് പുറത്തു വരുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. 
ഒരു പ്രത്യേക സംഘടനയിൽപെട്ട അധ്യാപകരാണ് ചോദ്യങ്ങൾ തയാറാക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിൽ റീ-അഡ്മിഷനിലും സ്‌പോട്ട് അഡ്മിഷനിലും എസ്.എഫ്.ഐയും സി.പി.എമ്മും ഗുരുതരമായ ഇടപെടലാണ് നടത്തുന്നത്. കോളേജുകളിലെ ഏക വിദ്യാർത്ഥി സംഘടനയെന്ന നിലപാട് അഴിമതി സംരക്ഷിക്കാനാണ്. സർവകലാശാലാ ഉത്തരക്കടലാസ് ക്രിമിനൽ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സംഭവത്തിൽ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ഗവർണറെ കണ്ട് യു.ഡി.എഫ് നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിശ്ശബ്ദത പാലിക്കാൻ ഗവർണർക്ക് എങ്ങനെ സാധിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഒഴിഞ്ഞു നിൽക്കാനാവും. സർവകലാശാലയുടെ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് കോളേജ് പ്രശ്‌നത്തിൽ ഇടപെടാം. പി.എസ്.സി ഭരണഘടനാ സ്ഥാപനമായതിനാൽ ആ നിലയ്ക്കും ഗവർണർക്ക് ഇടപെടാനാവും. വൈസ് ചാൻസലറും പി.എസ്.സി ചെയർമാനും രാജിവെയ്‌ക്കേണ്ട സമയം അതിക്രമിച്ചു. മുഖ്യമന്ത്രി പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സേവന നികുതി വർധന, വൈദ്യുതി നിരക്ക് വർധന തുടങ്ങിയ നടപടികളിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ പൊറുതി മുട്ടിക്കുകയാണ്. ഇതിൽ പ്രതിഷേധിക്കാൻ ഈ മാസം 25 ന് യു.ഡി.എഫ് നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധിച്ചുള്ള സമരം സംഘടിപ്പിക്കും. സർവകലാശാല, പി.എസ്.സി പരീക്ഷാ നടത്തിപ്പ് വീഴ്ചകൾക്കെതിരെ 26 ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. അടുത്ത യു.ഡി.എഫ് യോഗം ജൂലൈ 30 ന് നടക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, സി.പി. ജോൺ, റാംമോഹൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News