ഗാന്ധിനഗര്‍- ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്ത ശേഷം നിയസഭാംഗത്വം രാജിവെച്ച അല്‍പേഷ് താക്കോറും ധവല്‍സിംഗ് സാലയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഗാന്ധി നഗറില്‍ ബി.ജെ.പി ആസ്ഥാനത്തുചേര്‍ന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് ജിതു വഖാനി ചടങ്ങില്‍ സംബന്ധിച്ചു. ഈ മാസം അഞ്ചിനാണ് അല്‍പേഷ് താക്കോറും സാലയും എം.എല്‍.എ സ്ഥാനം രാജിവെച്ചത്.
2107 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തനാണെന്നാണ് അറിയിച്ചിരുന്നത്. 43 കാരനായ അല്‍പേഷ് പതാന്‍ ജില്ലയിലെ രാധന്‍പുരില്‍നിന്നുളള എം.എല്‍.എ ആയിരുന്നു. അല്‍പേഷ് താക്കോറിന്റെ അടുത്ത സഹായിയായ സാല സബര്‍കന്ത ജില്ലയിലെ ബയാഡ് മണ്ഡലത്തില്‍നിന്നാണ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിലെ എല്ലാ പദവികളും അല്‍പേഷ് താക്കാര്‍ രാജിവെച്ചിരുന്നുവെങ്കിലും എം.എല്‍.എ ആയി തുടരുകയായിരുന്നു. ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളിലും തുടര്‍ച്ചയായി രണ്ടാം തവണയും ബി.ജെ.പിയാണ് വിജയിച്ചത്.






