Sorry, you need to enable JavaScript to visit this website.

ബാബ്‌രി ഭൂമി തര്‍ക്കം: മധ്യസ്ഥ പ്രക്രിയ 31 വരെ തുടരും; വാദം കേള്‍ക്കല്‍ ഓഗസ്റ്റ് രണ്ടിന്

ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ പ്രക്രിയ ഈ മാസം 31 വരെ തുടുരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മധ്യസ്ഥ ശ്രമത്തിന്റെ ഫലം 31 ന് കോടതിയെ അറിയിക്കാന്‍ പരമോന്നത നീതിപിഠം നിര്‍ദേശിച്ചു.
അയോധ്യ മധ്യസ്ഥ കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് ഖലീഫുല്ല വ്യാഴാഴ്ച കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റുകയായിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്തുവെന്നും വാദം കേള്‍ക്കുന്നതിനുള്ള അടുത്ത തീയതി ഓഗസ്റ്റ് രണ്ട് മുതല്‍ നിശ്ചയിക്കുകയാണെന്നും ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജമയില്‍ വൈരുധ്യമുണ്ടെന്ന് കേസിലെ ഒരു കക്ഷി സമര്‍പ്പിച്ച പരാതിയും കോടതി പരിഗണിച്ചു. കേസിലെ തുടര്‍നടപടികള്‍ മധ്യസ്ഥ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ റിപ്പോര്‍ട്ട് വെളിപ്പെടുത്തില്ല. കേസില്‍ പ്രതിദിന വാദം കേള്‍ക്കല്‍ ജൂലൈ 25 ന് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും അതുകൊണ്ട് ജൂലൈ 11 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും
കോടതി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പൂര്‍ത്തായാകാത്തതിനെ തുടര്‍ന്ന് മധ്യസ്ഥ ശ്രമം ആരംഭിച്ചതു മുതല്‍ ഇതുവരെയുള്ള പുരോഗതി ജൂലൈ 18 ന് നല്‍കണമെന്ന് ജസ്റ്റിസ് (റിട്ട.) എഫ്.എം.ഐ കലീഫുല്ലയോട് ആവശ്യപ്പെട്ടു.
മധ്യസ്ഥ ശ്രമത്തില്‍ കാര്യമായൊന്നും നടക്കുന്നില്ലെന്നും കേസില്‍ കോടതി തീരുമാനമെടുക്കണമെന്നും കേസിലെ പരാതിക്കാരനായിരുന്ന ഗോപാല്‍ സിംഗ് വിഷാരദിന്റെ നിയമപരമായ പിന്‍ഗാമി ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി മധ്യസ്ഥ കമ്മിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍, പ്രശസ്ത മാധ്യസ്ഥന്‍ ശീറാം പാഞ്ചു എന്നിവരുള്‍പ്പെട്ട കമ്മിറ്റി രമ്യമായ പരിഹാരമുണ്ടക്കാന്‍ സാധിക്കുമെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 15 വരെ സമയം നല്‍കിയിരുന്നു.
മധ്യസ്ഥ പ്രക്രിയയെ മുസ്‌ലിം കക്ഷികള്‍ പിന്തുണച്ചുവെങ്കിലും നിര്‍മോഹി അഖാരക്കു പുറമെയുള്ള ഹിന്ദു കക്ഷികളും യു.പി സര്‍ക്കാരും എതിര്‍ക്കുകയായിരുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നീ മൂന്ന് കക്ഷികള്‍ക്ക് തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
അയോധ്യയില്‍നിന്ന് ഏഴ് കി.മീ അകലെ ഫൈസാബാദില്‍ മധ്യസ്ഥരുടെ താമസത്തിനടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

 

Latest News