കൊച്ചി- ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ 22 കോടി രൂപയുടെ ഇടപാട് സംബന്ധമായ തർക്കമാണെന്ന് പൾസർ സുനി പറഞ്ഞതായി സഹതടവുകാരന്റെ വെളിപ്പെടുത്തൽ. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനും നാദിർഷായ്ക്കും മഞ്ജു വാര്യർക്കും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. എന്തായാലും 22 കോടി രൂപ പണമായോ, വസ്തുവായോ നടിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് ദിലീപും നാദിർഷായും മറ്റാരുടെയോ പേരിൽ രജിസ്റ്റർ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മഞ്ജു വാര്യർക്ക് വെറുതെ കൊടുത്താലും നിങ്ങൾക്ക് തരില്ലെന്ന നിലപാടാണ് ആക്രമിക്കപ്പെട്ട നടി സ്വീകരിച്ചത്. ഇതേത്തുടർന്നാണ് തന്റെ പെൺ സുഹൃത്ത് വഴി ക്വട്ടേഷൻ ലഭിക്കുന്നതെന്നാണ് സുനിൽ കുമാർ സി ബ്ലോക്കിലെ സഹതടവുകാരോട് പറഞ്ഞത്.
അഞ്ച് കോടി രൂപ തരാമെന്ന് പറഞ്ഞാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. പിടിക്കപ്പെട്ടപ്പോൾ ഏഴ് കോടി ആവശ്യപ്പെട്ടു. എന്നാൽ പണമൊന്നും തന്നില്ല. ദിലീപും നാദിർഷായും തമ്മിൽ വളരെ വർഷക്കാലത്തെ ബന്ധമുണ്ടെന്നും ഇയാൾ സഹതടവുകാരോട് പറഞ്ഞിട്ടുണ്ട്. കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള രണ്ടു സഹതടവുകാരും പൾസർ സുനിയും പോലീസിന് ഇതേ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിനെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ഗിന്നസ് ബുക്കിൽ വരാനല്ല ചോദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ഒരു ടി.വി ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഈ ചോദ്യം ചെയ്യലിൽ നടപടിക്രമങ്ങൾ പാലിച്ചില്ല. ടീം ലീഡറായ ഐ.ജി ദിനേന്ദ കശ്യപുമായി പലതും ആലോചിച്ചില്ലെന്നും സെൻകുമാർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്നും പ്രൊഫഷണൽ രീതിയിലുളള അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം സെൻകുമാർ ഉത്തരവിറക്കിയിരുന്നു. തുടരന്വേഷണം എ.ഡി.ജി.പി ബി. സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ട. നടപടികൾ കൂട്ടായി ആലോചിച്ച് വേണം. തെളിവുകൾ കൂട്ടായി വിലയിരുത്തി മുന്നോട്ട് പോകണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ആലുവ പോലീസ് ക്ലബ്ബിൽ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്തവരുടെ സംഘത്തിൽ എ.ഡി.ജി.പി ബി. സന്ധ്യയും റൂറൽ എസ്.പി ജോർജും ആലുവ സി.ഐയുമാണ് ഉണ്ടായിരുന്നത്. 13 മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. നടൻ ദിലീപിനെതിരെ തെളിവുകൾ ഉണ്ടോയെന്ന് ഡി.ജി.പി നേരത്തെ ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു.