Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലം നഗരസഭയിൽ മോഷണം, സി.പി.എം കൗൺസിലർക്കെതിരെ കേസെടുത്തു

ഒറ്റപ്പാലം - നഗരസഭയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവായ നഗരസഭാ കൗൺസിലർക്കെതിരേ പോലീസ് കേസെടുത്തു. വരോട് വാർഡിനെ പ്രതിനിധീകരിക്കുന്ന സുജാതക്കെതിരേയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. സി.പി.എമ്മിന്റെ തന്നെ നേതാവായ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലതയുടെ പരാതി പ്രകാരമാണ് കേസ്. തന്റെ ഓഫീസ് മുറിയിലെ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ലത പോലീസിൽ പരാതി നൽകിയിരുന്നു. വിരലടയാള പരിശോധനയുൾപ്പെടെയുള്ള നടപടിക്രമങ്ങളിലൂടെയാണ് സുജാതയിലേക്ക് അന്വേഷണം എത്തിയത്. കേസിന്റെ പശ്ചാത്തലത്തിൽ സുജാതയെ സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. മോഷണക്കേസിൽ പ്രതിയായ നേതാവിനെ പുറത്താക്കണമെന്ന സി.പി.എം വരോട് ലോക്കൽ കമ്മിറ്റിയുടെ നിർദേശം അംഗീകരിച്ചാണ് അച്ചടക്ക നടപടിയെന്ന് പാർട്ടി ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തെളിവുകൾ പൂർണമായും രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയുള്ളൂ എന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള ഒറ്റപ്പാലം എസ്.ഐ നിതിൻ വേണുഗോപാൽ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഓഫീസിലുണ്ടായിരുന്ന ലത നഗരസഭാ ചെയർമാന്റെ മുറിയിൽ പോയി തിരിച്ചു വന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. പതിനഞ്ചു മിനിറ്റിനിടയിലായിരുന്നു ഇത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലു കൗൺസിലർമാരുൾപ്പെടെയുള്ള ഇരുപതോളം പേർ സംശയത്തിന്റെ നിഴലിലായി. ഒടുവിൽ വിരലടയാള പരിശോധനയാണ് നിർണായകമായത്. അലമാരയുടെ പിടിയിൽ വിരലടയാളം കണ്ടത് ന്യായീകരിക്കാൻ കൗൺസിലർ ശ്രമിച്ചുവെങ്കിലും നുണപരിശോധനയിലേക്കും മറ്റും കാര്യങ്ങൾ എത്തിയ സാഹചര്യത്തിൽ കുറ്റം ഏൽക്കുകയായിരുന്നു. 
കൗൺസിലറുടെ കുറ്റസമ്മതം കൂടുതൽ വിവാദങ്ങൾക്ക് വഴി തുറക്കുമെന്നത് ഉറപ്പാണ്. ഒറ്റപ്പാലം നഗരസഭാ ഓഫീസിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നടന്ന എട്ടാമത്തെ കവർച്ചയായിരുന്നു ഇത്. ഈ കാലയളവിൽ 1.18 ലക്ഷം രൂപയും അരപ്പവന്റെ സ്വർണാഭരണവും മോഷ്ടിക്കപ്പെട്ടു. ഇരയായവരിൽ കൗൺസിലർമാരും ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടുന്നു. ഒരു കേസിന് തുമ്പുണ്ടായ സാഹചര്യത്തിൽ കൂടുതൽ പരാതികൾ പോലീസിൽ എത്തുമെന്നുറപ്പാണ്. നഗരസഭയിലെ ഒരു ബി.ജെ.പി കൗൺസിലറും രണ്ട് ജീവനക്കാരും പുതുതായി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. 
സംശയത്തിന്റെ മുന ഭരണകക്ഷി കൗൺസിലറിലേക്ക് തിരിഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പരാതിക്കാരി കേസിൽനിന്ന് പിന്മാറുന്നതായും അഭ്യൂഹം പരന്നു. വിഷയം വാർത്താ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയത് സി.പി.എമ്മിനെ സമ്മർദത്തിലാഴ്ത്തി. ഇതിനിടയിലാണ് കേസെടുക്കാനുള്ള തീരുമാനവും പിറകെ കൗൺസിലറെ പുറത്താക്കിക്കൊണ്ടുള്ള പാർട്ടി അറിയിപ്പും വരുന്നത്.
 

Latest News