അവിഹിതം സംശയിച്ച് ഭാര്യയെ വെട്ടി,  സഹോദരിയെ കൊന്നു 

മുംബൈ-സംശയത്തെ തുടര്‍ന്ന് യുവാവ് യുവാവ് ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം സഹോദരിയെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുംബൈ നെരൂള്‍ സ്വദേശി നാഗേഷ് ലാഡ് (27) ആണ് കൊല നടത്തിയത്. ഒളിവില്‍ പോയ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.
നാഗേഷിന്റെ സഹോദരി സുനിതയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഭാര്യ ജ്യോത്സ്‌ന  ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സുനിതയുടെ ഭര്‍ത്താവ് അജയ് സിംഗും ജ്യോത്സ്‌നയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് നാഗേഷിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ നാഗേഷ് ജ്യോത്സ്‌നയുടെ വീട്ടിലെത്തി ടെറസില്‍ പോയി മദ്യപിച്ചു. മദ്യലഹരിയില്‍ ജ്യോത്സനയെ ടെറസിലേക്കു വിളിച്ചുവരുത്തി സംസാരിച്ച ശേഷം യുവാവ് ജ്യോത്സ്‌നയുടെ കഴുത്തിലും വയറ്റിലും കുത്തി. ഇതിനു ശേഷമാണ് സുനിതയുടെ വീട്ടിലെത്തിയത്.
പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുനിത വീടിന് പുറത്തേക്ക് വന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സുനിതയെ കുറച്ചു ദൂരത്തേക്ക് കൊണ്ടു പോയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി. രണ്ട് ആക്രമണങ്ങള്‍ക്കും കാരണം നിങ്ങളാണെന്ന് നിലവിളി കേട്ട് എത്തിയ അജയിയോട് പറഞ്ഞ ശേഷം നാഗേഷ് രക്ഷപ്പെട്ടു. സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള നാഗേഷിനെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു. മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. ഭാര്യയായ ജ്യോത്സ്‌നയ്ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്.

Latest News