Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്താവളങ്ങളിലെ ചൂഷണം അവസാനിക്കും  ഒരേ ഉൽപന്നത്തിന് എല്ലായിടത്തും ഒരേ വില 

ന്യൂദൽഹി-ഷോപ്പിംഗ് മാളുകളിലും വിമാനത്താവളങ്ങളിലും മറ്റും ഉൽപന്നങ്ങൾക്ക് അധിക വില ഈടാക്കുന്നതിനെതിരേ കേന്ദ്ര സർക്കാർ. ഒരേ ഉൽപന്നത്തിന് എല്ലായിടത്തും ഒരേ വില മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് കേന്ദ്ര സർക്കാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങൾ, മാളുകൾ, സിനിമാ തിയേറ്ററുകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഭക്ഷണമുൾപ്പെടെയുള്ള വസ്തുക്കൾക്ക് അധിക വില ഈടാക്കുന്നുണ്ട്. പലയിടത്തും ഉൽപന്നങ്ങളുടെ യഥാർത്ഥ വിലയുടെ നാലിരട്ടിയിലധികമാണ് ഈടാക്കുന്നത്. ഇത് ഇനി പാടില്ലെന്നാണ് നിർദ്ദേശം. 2011 ലെ അളവുതൂക്ക ചട്ടത്തിൽ വരുത്തുന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാറിന്റെ നടപടി. അടുത്ത വർഷം ജനുവരി ഒന്നു മുതൽക്കാണ് ചട്ടം പ്രാബല്യത്തിൽ വരിക. 
    കമ്പനികൾക്ക് ഇതിനാവശ്യമായ മാറ്റം വരുത്താൻ വേണ്ട സമയം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത വർഷം മുതൽ ഇതു നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്ന് ഉപഭോക്തൃകാര്യ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ചട്ടങ്ങൾ നടപ്പാക്കിയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തത്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. അതോടൊപ്പം തന്നെ കാര്യങ്ങൾക്ക് സന്തുലിതത്വം വേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 
    ഒരു ഉൽപന്നത്തിന് എം.ആർ.പിയിൽ കൂടുതൽ വിലയീടാക്കുകയോ ഇരട്ട എംആർ.പിയുണ്ടാകുകയോ ചെയ്യാവുന്നതല്ലെന്ന് ചട്ടത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇത് വിൽക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരുത്തുന്നതിൽ നിന്ന് കമ്പനികളെ തടയും. സിനിമാശാലകൾ, വിമാനത്താവളങ്ങൾ, മാളുകൾ തുടങ്ങിയിടങ്ങളിൽ ഇത്തരത്തിൽ കൂടുതൽ വിലയീടാക്കുന്നുവെന്ന പരാതിയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സർക്കാർ നിർദ്ദേശങ്ങളും വിലയും ഉൽപന്നങ്ങളിൽ പ്രിന്റ് ചെയ്യേണ്ട അക്ഷരത്തിന്റെ വലിപ്പവും ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൃദ്രോഗികൾ ഉപയോഗിക്കുന്ന സ്റ്റൻഡ്‌സ്, വാൽവ്, കൃത്രിമ അവയവങ്ങൾ, എല്ലുരോഗവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ, സിറിഞ്ച് തുടങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളിലും വില പ്രസിദ്ധീകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉൽപന്നത്തിന്റെ യഥാർത്ഥ വില മനസ്സിലാക്കാനും കബളിപ്പിക്കലിൽ നിന്ന് രക്ഷ നേടാനും സഹായിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ജയ് പ്രിയ പ്രകാശ് പറഞ്ഞു. നിലവിൽ ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടായാൽ ഉപഭോക്താവിന് പരാതിപ്പെടാൻ അവസരമില്ല. ഇതോടെ അതുണ്ടാകും. നിലവിലെ അളവ് തൂക്ക നിയമപ്രകാരം മെഡിക്കൽ ഉപകരണങ്ങൾക്ക് ഡിക്ലറേഷൻ നിർബന്ധമില്ല. പുതിയ ചട്ടം വരുന്നതോടെ അതുണ്ടാകും.


 

Latest News