Monday , January   27, 2020
Monday , January   27, 2020

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ 

കാമ്പസുകളിൽ നടക്കാൻ പാടില്ലാത്ത ദൗർഭാഗ്യകരമായ സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. സംഘടനക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ധാർമികമായ ഉത്തരവാദിത്തം എസ്.എഫ്.ഐ ഏറ്റെടുത്തു കഴിഞ്ഞു. തെറ്റ് തിരുത്തുന്നതിനും ആവർത്തിക്കാതിരിക്കാനുമുള്ള സമീപനം സ്വീകരിക്കുമെന്നും എസ്.എഫ്.ഐ നേതൃത്വം ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ആദ്യ ഘട്ടമെന്ന നിലയിൽ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും കേസിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻ ആളുകളെയും സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവർക്കെതിരെ ശക്തമായ പോലീസ് നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിൽ  സമരവുമായി പുറത്തേക്കിറങ്ങിവന്ന വിദ്യാർഥികൾ തങ്ങൾ എസ് എഫ് ഐക്കാരാണെന്നും ഈ യൂണിറ്റിലുള്ളവർ ചെയ്യുന്നതല്ല യഥാർഥ എസ്.എഫ്.ഐ പ്രവർത്തനം എന്നുമാണ് വിളിച്ചു പറഞ്ഞത്. 
ഏതൊരു അക്രമത്തേയും വെള്ള പൂശാനോ ന്യായീകരിക്കാനോ വർത്തമാനകാല സാഹചര്യത്തിൽ പ്രത്യേകിച്ചും ഇടതു വിദ്യാർഥി സംഘടനകൾ തയാറാവില്ലെന്നിരിക്കേ നിർഭാഗ്യവശാൽ ഈ സംഭവത്തെ ചൊല്ലി ഒരു പ്രസ്ഥാനത്തെ അങ്ങ് വിഴുങ്ങിക്കളയാം എന്ന് വിചാരിക്കുന്ന വലതു പക്ഷ പ്രസ്ഥാനങ്ങളും വർഗീയത തലയ്ക്കു പിടിച്ച ചില സംഘടനകളും അവരോടൊപ്പം ഇളകി മറിയുന്ന മാധ്യമ കുബുദ്ധികളും നടത്തുന്ന ചില വില കുറഞ്ഞ പൊറാട്ട് നാടകങ്ങൾ കേരളത്തിലെ വിദ്യാർഥി സമൂഹം ചവറ്റുകൊട്ടയിലെറിയും എന്നതിന് ഏറെ സമയം കാത്തിരിക്കേണ്ടി വരില്ല. കൂടെയുള്ളവരെ ചേർത്ത് പിടിച്ചും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പൊരുതിയും സർഗാത്മകമായ കലാലയ അന്തരീക്ഷം സൃഷ്ടിച്ചും കലയെയും സാഹിത്യത്തെയും നെഞ്ചിലേറ്റി, സഹജീവിയുടെ വേദനയിൽ പങ്കു ചേർന്ന് കലാലയ ജീവിതത്തെ ധന്യമാക്കിയവർ യുഗാന്തരങ്ങളായി അവർ നിറം കൊടുത്ത  സ്വപ്‌നങ്ങളെയും അവർ നയിച്ച പോരാട്ടങ്ങളെയുമാണ് ഗതകാല സ്മരണകൾ ഉണർത്തുന്ന ഒരു മഹത്തായ കലാലയത്തിനകത്തു ചിലയാളുകൾ  തകർത്തത്.
വെള്ളക്കൊടിയിലെ നക്ഷത്രത്തെ രക്തം കൊണ്ട് ചുവപ്പിച്ച ഈ ശുഭ്രപതാകയിൽ എഴുതിവെച്ചിരിക്കുന്നത് നിർജ്ജീവമായ വാക്കുകളല്ല, അർത്ഥവത്തായ  ആശയങ്ങളാണ് ഈ പ്രസ്ഥാനത്തിന് വെളിച്ചം നൽ്കുന്നതും ഇതിനെ പിൻപറ്റി  ഇന്ത്യയിലെ ലക്ഷക്കണക്കിനു വിദ്യാർഥികളെ ഇടനെഞ്ചിൽ ചേർത്തുവെക്കുന്നതും. മൂലധനവും  ഭരണകൂടവും വിജ്ഞാനത്തെയും  വിദ്യാഭ്യാസത്തെയും നിർണയിക്കുമ്പോൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന അക്ഷര സ്‌നേഹികളുടെ പ്രതീക്ഷയാണ് എസ്. എഫ്.ഐ എന്ന പ്രസ്ഥാനം.  അവർക്കു തണലേകുന്ന നിഴലാണ്  ഈ ശുഭ്രപതാക. അവരുടെ സംഘടിതമായ പോരാട്ടങ്ങളുടെ  ചരിത്രം കൊണ്ട് തുന്നിക്കൂട്ടിയതാണ്  ഈ പ്രസ്ഥാനം. ഏതാനും ചില വ്യക്തികളുടെ പ്രവൃത്തികൾ കൊണ്ട് എസ്.എഫ്.ഐ ഉയർത്തുന്ന  മുദ്രാവാക്യങ്ങളെ മങ്ങലേൽപിക്കാനനുവദിച്ചുകൂടാ. 
സർഗാത്മക കലാലയങ്ങൾ വിഭാവനം ചെയ്യുന്ന എസ് എഫ് ഐ  വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പേരാട്ടവും ജാതി മത ചിന്തകൾക്കതീതമായ  വിദ്യാർഥി സമൂഹവുമാണ് ലക്ഷ്യം വെക്കുന്നത്.  മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുന്ന വിദ്യാർഥി സമൂഹവും കലാലയ അന്തരീക്ഷവുമാണ് ഉന്നം വെക്കുന്നതെന്ന് മനസ്സിലാക്കാതെയല്ല ഇടതുപക്ഷ വിരുദ്ധരും വലതുപക്ഷ രാഷ്ട്രീയക്കാരും രാഷ്ട്രീയ നിരീക്ഷകർ എന്ന ഓമനപ്പേരുള്ള ഇടതുപക്ഷ വിരുദ്ധരായ  ജരാനരകൾ ബാധിച്ചവരും  ഈ വീണു കിട്ടിയ അക്രമ സംഭവത്തിന്റെ പേരിൽ എസ്. എഫ്. ഐ എന്ന മഹാപ്രസ്ഥാനത്തെ ഒരു കല്ലറയൊരുക്കി അതിലിട്ട് മൂടാനുള്ള തത്രപ്പാടിൽ കഴിയുന്നത്.
എഴുപത് എൺപതു കാലത്ത് കെ. എസ്. യുവിന്റെ ചോരക്കത്തിക്ക് മുന്നിൽ ജീവനൊടുങ്ങിപ്പോയ കരുത്തുള്ള യൗവനങ്ങളുടെ ധീരോജ്വലമായ ചെറുത്തുനിൽപുകൾ നിറഞ്ഞ ഭൂതകാലത്തിന്റെ ആവേശവും അഗ്നിയും കെട്ടടങ്ങിയിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തിനു ശേഷമാണ് കേരളത്തിലും രാജ്യത്താകെയും എസ് എഫ് ഐ പ്രധാന സംഘടനയായി മാറുന്നത്. 1973 ലാണ് യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ ആദ്യമായി യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. കെ എസ്‌യുവിന്റെ എല്ലാ അതിക്രമങ്ങളും നേരിട്ടാണ് എസ് എഫ് ഐ വളർന്നുവന്നത്. അതുകൊണ്ടു തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തുക എന്നതല്ല, ആക്രമിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുക എന്ന മാനവിക ബോധത്തിനൊപ്പമാണ് എസ്.എഫ്.ഐ. 
കേരളത്തിൽ മാത്രം അഭിമന്യു ഉൾപ്പെടെ 33 എസ ്എഫ് ഐ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിലാകെ 277 പ്രവർത്തകർ കൊല്ലപ്പെട്ടു. കേരളത്തിലെ കാമ്പസുകളിലോ പുറത്തോ ഒരാളുടെയും ജീവൻ എസ് എഫ് ഐയുടെ കൈകൊണ്ട് നഷ്ടപ്പെട്ടിട്ടില്ല. എസ് എഫ് ഐക്ക് തിരിച്ചടിക്കാൻ ശേഷി ഇല്ലാത്തതിനാലല്ല. രക്തസാക്ഷികളെയും അവരുടെ കുടുംബത്തെയും ശരിക്കും മനസ്സിലാക്കിയതുകൊണ്ടും തങ്ങളാൽ ഒരു രക്ത സാക്ഷിയും ഉണ്ടാവരുതെന്നു തിരിച്ചറിഞ്ഞുകൊണ്ടും മാത്രമാണ്. 
യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐയെ ആത്മാർഥമായി വിമർശിക്കുന്നവരുടെ വാക്കുകൾ സ്വീകരിക്കുകയും തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുന്നത് ഒരു നല്ല സന്ദേശം തന്നെയാണ്. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ പുറത്തു വിട്ട ഉത്തരക്കടലാസ് കോപ്പികളിലെ വൈരുധ്യങ്ങൾ തന്നെ പരിശോധിച്ചാൽ മനസ്സിലാകുന്നത് ഏതെല്ലാം രൂപത്തിൽ പ്രസ്ഥാനത്തെ ഇകഴ്ത്താം എന്ന കാര്യത്തിൽ മാധ്യമങ്ങൾ മത്സരിക്കുന്നതിന്റെ രാഷ്ട്രീയ തിമിരത്തെയാണ്.
 1957 ലെ ആദ്യ ഇ എം എസ് സർക്കാരിന്റെ കാലംതൊട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ അതിക്രമവും കൊലപാതകങ്ങളും നടത്തിയ സംഘടന കെ എസ് യുവാണ്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലും തിരുവനന്തപുരത്തും കെ എസ് യുക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ എസ് യു ജില്ലാ ഭാരവാഹികൾക്കുൾപ്പെടെ പരിക്കേറ്റു. ധനവച്ചപുരം കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിച്ച ദിവസമാണ് എസ്എഫ് ഐ വനിതാ നേതാവിനെ എ ബി വി പിക്കാർ മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിച്ചത്. എസ്. എഫ്. ഐ യെ വിമർശിക്കുന്ന കുബുദ്ധികൾക്കും നിരീക്ഷകർക്കും നട്ടാൽ കിളിർക്കാത്ത നുണയും അതിൽ പിഎച്ച്.ഡിയും ലഭിച്ച ചില മാധ്യമ പ്രവർത്തകരും ഇതൊരിക്കൽ പോലും ചർച്ചയാക്കിയില്ല. രാജ്യത്ത് അടിയന്തരാവസ്ഥക്കെതിരെ ആദ്യത്തെ പ്രകടനം ആരംഭിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ്. 1975 ജൂലൈ ഒന്നിന് അന്നത്തെ എസ ്എഫ് ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രസിഡന്റ് എം എ ബേബി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജി സുധാകരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഡോ. ജയപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. പിന്നീടിങ്ങോട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളിലും ഉടനടി ക്രിയാത്മകമായി പ്രവർത്തിച്ച കാമ്പസാണത്. സെക്രട്ടറിയേറ്റിനും നിയമസഭക്കും അടുത്തുള്ള കാമ്പസ്. അതുകൊണ്ടു തന്നെ ആ കാമ്പസിനെ തകർക്കുക എന്നത് വലതുപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യമാണ്. കാമ്പസ് സ്ഥലം മാറ്റാനും അടച്ചുപൂട്ടാനുമുള്ള ശ്രമങ്ങളെ എസ് എഫ് ഐ ശക്തമായി ചെറുത്തുതോൽപിക്കുക തന്നെ ചെയ്യും. അക്രമത്തിന്റെ പേരിൽ ഒരു കോളേജ് അടച്ചുപൂട്ടുകയാണെങ്കിൽ, എന്തുകൊണ്ട്, തിരുവനന്തപുരത്തെ എം ജി കോളേജ് അടച്ചുപൂട്ടുന്നില്ല. ഹൈക്കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവന്ന അക്രമങ്ങളാണ് അവിടെ നടന്നത്. മട്ടന്നൂർ കോളേജിൽ മാഗസിന്റെ ഫണ്ട് വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്നാണ് കെ എസ് യുക്കാരനായ മാഗസിൻ എഡിറ്റർ ബഷീറിനെ കെഎസ്‌യുക്കാർ തന്നെ കൊലപ്പെടുത്തിയത്. മഹാരാജാസിലാണ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത്. വിവിധ കോളേജുകൾക്കുള്ളിൽവെച്ചാണ് എസ് എഫ് ഐ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ പേരിൽ കാമ്പസുകൾ അടച്ചുപൂട്ടണമെന്ന ചർച്ച ഒരിക്കലും ഉണ്ടായില്ല. അഭിമന്യു കൊല്ലപ്പെട്ടത് ഒഴിച്ചു നിർത്തിയാൽ, എസ് എഫ് ഐ ആക്രമിക്കപ്പെട്ട ഒരു സംഭവവും കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അഭിമന്യുവിനേക്കാൾ പ്രായം കുറഞ്ഞയാളായിരുന്നു സജിൻ ഷാഹുൽ. ആർ എസ് എസുകാരുടെ ബോംബേറിൽ തലക്ക് പരിക്കേറ്റ് ഒരു മാസം ആശുപത്രിയിൽ കിടന്നിട്ടാണ് ആ പതിനെട്ടുകാരൻ മരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശിവപ്രസാദിനെ തെരഞ്ഞെത്തി വീട്ടിൽ കടന്ന് അച്ഛൻ നാരായണൻ നായരെ കൊലപ്പെടുത്തിയ നടുക്കുന്ന സംഭവം കേരളത്തിലുണ്ടായി. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവും ജില്ലാ കൗൺസിൽ അംഗവുമായ കെ വി സുധീഷിനെ ക്രൂരമായി മാതാപിതാക്കളുടെ കൺമുന്നിൽ കൊലപ്പെടുത്തി. എസ് എഫ് ഐ പ്രതിസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് കേരളത്തിൽ ചർച്ച നടന്നിട്ടുള്ളത്. എസ് എഫ് ഐ ഇരകളാക്കപ്പെടുമ്പോൾ ചാനൽ ചർച്ചയുമില്ല ലൈവുമില്ല. 
സമാനതകളില്ലാത്ത അക്രമ പരമ്പരകളിലൂടെ പൈശാചികമായ കൊലപാതകങ്ങളുടെ ചോരക്കറയുമായി കേരളത്തിലെ കലാലയങ്ങളിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ച് ജീർണത ബാധിച്ച ഇവർ മനുഷ്യത്വ രഹിതമായ അക്രമങ്ങളും കൊലപാതകങ്ങളുടെ എണ്ണത്തിലുള്ള വർധനവുമാണ് കെ എസ് യുവിനെ കാമ്പസുകൾ വെറുക്കാൻ കാരണം. കഴിഞ്ഞ കാലത്തൊക്കെ നമ്മുടെ കലാലയ മുറ്റങ്ങളിലെ മണ്ണു നനഞ്ഞത് മഴ കൊണ്ടല്ല ഇളം ചോര വീണാണ്. കലോത്സവ വേദിയിലാണ് ധീര യുവത്വത്തെ വെട്ടിനുറുക്കിക്കൊന്നത്. 
അറിവിന്റെയും വായനയുടെയും സംവാദങ്ങളുടെയും സാമൂഹികാസമത്വങ്ങൾക്കെതിരായ നിരന്തര സമരങ്ങളുടെയും ഭൂമികകളാണ് വീണ്ടെടുക്കേണ്ടത്. സ്വയം തിരുത്തലിനും വലിയ തിരിച്ചുവരവിനുമുള്ള പ്രേരക ശക്തിയാകണം നിലവിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ.  അരാജകത്വത്തിലേക്കു വഴുതി വീഴുമായിരുന്ന മലയാളി യൗവനത്തെ പ്രതീക്ഷാനിർഭരമായ രാഷ്ട്രീയ ഉൾക്കാഴ്ച പകർന്ന് നൽകി കരുത്തരാക്കി മാറ്റിയ മഹത്തായ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം നമ്മുടെ നാടിന്റെ പൊതു സ്വത്താണെന്ന് പുര കത്തുമ്പോൾ വാഴവെട്ടുന്നവർ മനസ്സിലാക്കണം. തെറ്റുകൾ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരു നാളും സംരക്ഷിക്കില്ല. തളർച്ചയല്ല തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണം. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം.

Latest News