Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് മനുഷ്യൻ ചന്ദ്രനിൽ താമസം തുടങ്ങുന്നില്ല? 

ചന്ദ്രനിൽ കടകളും റിസോർട്ടുകളും തുടങ്ങുമെന്നും ഭൂമിയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ശുദ്ധവായവും ജൈവ വൈവിധ്യവും കണക്കിലെടുത്ത് മനുഷ്യർ അങ്ങോട്ട് താമസം മാറ്റുമെന്നും ശാസ്ത്രജ്ഞർ കൊതിപ്പിക്കാറുണ്ട്. 
എന്നാൽ ചന്ദ്രനിൽ വെക്കേഷൻ പാർപ്പിടങ്ങൾ പണിയണമെന്ന ആഗ്രഹം അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും മറ്റും ഉപേക്ഷിച്ച മട്ടാണ്. ചാന്ദ്രദൗത്യം ഇനി വേണ്ടെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഈയിടെ വിവാദമായിരുന്നു.
ഇപ്പോൾ ചൊവ്വയിലേക്കുള്ള ഭാവി യാത്രകൾക്കായി ചന്ദ്രനിൽ ഒരു ഗ്യാസ് സ്‌റ്റേഷൻ നിർമിക്കാൻ സാധിക്കുമോ എന്നാണ് നാസ ഇപ്പോൾ നോക്കുന്നത്. ബഹിരാകാശ യാത്രികർ ചന്ദ്രനിൽ ഇറങ്ങി ഇന്ധനവും മറ്റു സാമഗ്രികളും നിറച്ചുകൊണ്ട് ചൊവ്വയിലേക്കുള്ള തുടർ യാത്ര. ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കുമിടയിൽ ചന്ദ്രനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുകയെന്നത് ശാസ്ത്ര സ്വപ്‌നങ്ങളിൽനിന്ന് യാഥാർഥ്യത്തിലേക്ക് അടുത്തിട്ടുണ്ടെങ്കിലും മനുഷ്യൻ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക സാധ്യമല്ലെന്നാണ് തിരിച്ചറിവ്. മനുഷ്യർ പൊതുവെ ദുർബലരായതിനാൽ ആവശ്യങ്ങൾ കൂടുതലാണെന്ന് ജ്യോതിശാസ്ത്രജ്ഞനും ഗ്രഹ ശാസ്ത്രജ്ഞനുമായ ലോറ ഫോർസിക് പറയുന്നു. ഇദ്ദേഹം സ്ഥാപിച്ചതാണ് ബഹിരാകാശ കൺസൾട്ടിംഗ് സ്ഥാപനമായ ആസ്ട്രാലിറ്റിക്കൽ.
മനുഷ്യന് ഉൾക്കൊള്ളാവുന്ന യഥാർഥ അന്തരീക്ഷമല്ല ചന്ദ്രനിലുള്ളത്. കപട അന്തരീക്ഷമെന്ന് വിളിക്കാവുന്ന എക്‌സോസ്ഫിയറാണ് അവിടെ ഉള്ളതെന്ന്  ഫോർസിക് പറയുന്നു. 
കാന്തികമായി സസ്‌പെൻഡ് ചെയ്ത വാതകങ്ങളും കണങ്ങളും ചന്ദ്ര ഉപരിതലത്തിൽ നിന്ന് സൗരവാതത്തിലൂടെ ഇളക്കിവിടുന്നു. ശ്വസിക്കാവുന്ന വായുവിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ ഒരു ദീർഘശ്വാസം പോലും സാധ്യമല്ല. 
ശ്വസിക്കാൻ വായുവില്ല എന്നത് വലിയ കാര്യമാക്കാനില്ലെന്നും നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളതു പോലെ വായു 
ശുദ്ധീകരിക്കാനുള്ള സംവിധാനം ചന്ദ്രനിലും ഏർപ്പെടുത്താം. എന്നാൽ ഈ പ്രക്രിയ സാധ്യമാകണമെങ്കിൽ അവിടേക്ക് ടൺ കണക്കിനു ഗ്യാസ്എത്തിക്കേണ്ടിവരുമെന്നും വായുവായാലും ഒരു പൗണ്ട് സാധനം ചന്ദ്രനിൽ എത്തിക്കാനുള്ള ചെലവ് 13 ലക്ഷം ഡോളറാണെന്ന കാര്യം മറക്കരുതെന്നും ഫോർസിക് പറയുന്നു. 
ചന്ദ്രനിൽ അന്തരീക്ഷമില്ല എന്നു പറയുമ്പോൾ ഉൽക്ക ശിലകളിൽനിന്ന് സംരക്ഷണമില്ല എന്നു കൂടിയാണ് അർഥം.  ഭൂമികുലുക്കം പോലെ ചന്ദ്രകുലുക്കവുമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ സമീപ കാലത്തു കണ്ടെത്തിയ മറ്റൊരു വെല്ലുവിളി. അപ്പോളോ യാത്രികർ അവിടെ ഉപേക്ഷിച്ച സീസ്‌മോമീറ്ററുകളിൽനിന്ന് ചന്ദ്രനിൽ റിക്ടർ സ്‌കെയിലിൽ അഞ്ച് തീവ്രവതയുള്ള ചലനങ്ങളുണ്ടാകുമെന്നാണ് 
കണ്ടെത്തിയത്. എന്നാൽ ചലനങ്ങൾ ചന്ദ്രന്റെ ഘടനക്ക് വലിയ തോതിൽ പരിക്കേൽപിക്കില്ലെന്നാണ് പ്ലാനറ്ററി സയൻസിൽ ഗവേഷണം നടത്തുന്ന സാം കോർവില്ലെയുടെ അഭിപ്രായം. അതേസമയം, ചന്ദ്രകുലുക്കങ്ങൾക്കു പിന്നിലെ പ്രതിഭാസം അവിടെ നിർമിക്കാമെന്ന് പ്രതീക്ഷിക്കുന്ന കെട്ടിടങ്ങളെ മാത്രമല്ല, താപനിലയേയും ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. 
സൂര്യനിൽനിന്നുള്ള മാരകമായ കാറ്റോ ചുടുമണലോ അല്ല ചാന്ദ്രജീവിതത്തിനു മുന്നിലുള്ള വലിയ പ്രതിബന്ധങ്ങളെന്നും സാമ്പത്തികവും അത് യാഥാർഥ്യമാക്കാനുള്ള രാഷ്ട്രീയ ഇഛാശക്തിയുമാണ് തടസ്സമെന്നും കോർവില്ലെയും ഫോർസിക്കും പറയുന്നു. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസക്കു മുന്നിൽ ഇപ്പോൾ പദ്ധതികളില്ല. ചാന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങിയ മറ്റു ബഹിരാകാശ പരിപാടികൾക്കു മുന്നിൽ സാമ്പത്തികം വലിയ പ്രതിബന്ധമായി നിൽക്കുന്നു. 
ചന്ദ്രനിൽ മനുഷ്യനെ താമസിപ്പിക്കാൻ സാങ്കേതികമായി നാസക്ക് കഴിവും വൈദഗ്ധ്യവും പരിചയവുമൊക്കെ ഉണ്ടെങ്കിലും ലക്ഷ്യ സാക്ഷാത്കാരത്തിന് ഭൂമിയിലുള്ളവർ പണമിറക്കുമോ എന്നതാണ് ചോദ്യമെന്ന് ഫോർസിക് പറയുന്നു. 
അര നൂറ്റാണ്ട് മുമ്പ് ബഹിരാകാശ ശീതയുദ്ധമാണ് അപ്പോളോ യാത്രികരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിനു പിന്നിൽ ഏറ്റവും വലിയ പ്രേരക ശക്തിയായി പ്രവർത്തിച്ചത്. ഇപ്പോൾ ചൊവ്വയിലേക്കും സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലേക്കുമുള്ള ഇടത്താവളമായി ചന്ദ്രനെ മാറ്റാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ചന്ദ്രനിൽ സ്ഥിരം സംവിധാനമുണ്ടാക്കിയാൽ ബഹിരാകാശത്തേക്ക് റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയുമെന്നാണ് കോർവില്ലെയുടെ അഭിപ്രായം. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകർഷണവും അന്തരീക്ഷമില്ലായ്മയും റോക്കറ്റുകളുടെ വിക്ഷേപണം എളുപ്പമാക്കും. ചൊവ്വയിലേക്കുള്ള യാത്രയിൽ നിർണായക ഇടത്താവളമായി ചന്ദ്രൻ മാറുമെങ്കിലും അവിടെ നമുക്ക് ആവശ്യമായ എന്തും ലഭിക്കുന്ന മറ്റൊരു നാടൊരുങ്ങാൻ കാലമേറെ വേണ്ടിവരും.  

Latest News