Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ  സ്ഥാപനത്തിൽ പോലീസ് പരിശോധന

കൊച്ചി- നടിയെ ആക്രമിച്ച കേസിലുള്ള അന്വേഷണം നടൻ ദിലീപിന്റെ ഭാര്യയായ സിനിമാനടി കാവ്യാ മാധവനിലേക്ക്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓൺലൈൻ വസ്ത്ര വ്യാപാര ശാലയായ 'ലക്ഷ്യ'യിൽ പരിശോധന നടത്തിയ പോലീസ് സംഘം അവിടെ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകളും സി.സി.ടി.വിയും പിടിച്ചെടുത്തു. ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക്് അയച്ചു. കടയിൽ അന്നുണ്ടായ ജീവനക്കാരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. 
ഇടപ്പള്ളിക്കടുത്തുള്ള റെസ്റ്റോറന്റിലും തമ്മനത്തെ ഒരു അപ്പാർട്ട്മെന്റിലും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കുറ്റകൃത്യത്തിനു ശേഷം കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ചില സ്ഥലങ്ങളിൽ പോയെന്ന് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിലും പരിശോധന നടന്നത്. സുനി ജയിലിൽ നിന്ന് അയച്ചതായി പറയുന്ന കത്തിലും ചില സ്ഥാപനങ്ങളെക്കുറിച്ച് പരാമർശമുണ്ട്. കേസിന് കൂടുതൽ ബലം പകരുന്ന നിർണായക തെളിവുകൾ ഇവിടങ്ങളിൽ നിന്ന് ലഭിച്ചതായാണ് വിവരം. പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തിൽ, നടിയെ ആക്രമിച്ച ശേഷം കാക്കനാട്ടെ ഈ കടയിൽ ചെന്നതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പോലീസ് കാവ്യയുടെ കാക്കനാട്ടെ ലക്ഷ്യയെന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട കളമശേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നടിയെ ആക്രമിച്ച ശേഷം ഒളിവിൽപ്പോകുന്നതിനു മുമ്പ് സുനി കടയിലെത്തിയതായാണ് കത്തിൽ പറയുന്നത്. അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തത വരുത്താനാണ് സി.സി.ടി.വി പിടിച്ചെടുത്തത്. എന്നാൽ ഒരു മാസം വരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് സിസി ടിവിയിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങൾവരെ കണ്ടെടുക്കാൻ കഴിഞ്ഞാൽ അത് കേസിൽ നിർണായകമായി മാറും. നാലഞ്ചു തവണ വരെ ഓവർറൈറ്റ് ചെയ്താലും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് സി-ഡിറ്റ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 20 നാണ് നടി കാറിൽ ആക്രമിക്കപ്പെട്ടത്. അന്ന് വസ്ത്ര സ്ഥാപനത്തിലുണ്ടായ ജീവനക്കാർ ആരും തന്നെ ഇപ്പോൾ സ്ഥാപനത്തിലില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പേരു വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനായി ഉടനെ വിളിച്ചുവരുത്തും. അന്ന് സുനി കടയിലെത്തിയപ്പോൾ ദിലീപ് സ്ഥലത്തില്ലെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞതായും കത്തിലുണ്ട്. അത് ശരിയാണോയെന്ന് വ്യക്തത വരുത്താനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കടയിലെ പരിശോധന മൂന്നു മണിക്കൂർ നീണ്ടു. പണമിടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെനിന്നു ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൾസർ സുനിക്ക് കടയിൽനിന്ന് രണ്ടു ലക്ഷം രൂപ നൽകിയിരുന്നുവെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്.  മൊഴിയിൽ പറഞ്ഞ ദിവസം കടയിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതിന് തെളിവ് ലഭിച്ചെന്നും സൂചനയുണ്ട്. എന്നാൽ ഇതേപ്പറ്റി പ്രതികരിക്കാൻ പോലീസ് തയാറാകുന്നില്ല.കേസിൽ ചോദ്യം ചെയ്യാനായി അഡ്വ.ഫെനി ബാലകൃഷ്ണനോട് ഞായറാഴ്ച പകൽ രണ്ടിന് ആലുവ പോലീസ് ക്ലബ്ബിൽ എത്തണമെന്ന് പെരുമ്പാവൂർ സി.ഐ ആവശ്യപ്പെട്ടു. ഹാജരാകുമെന്ന് ഫെനിയും അറിയിച്ചു. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സുനിയുടെ സുഹൃത്തുക്കൾ ഫെനിയെ സമീപിച്ചതായും ഒരു മാഡത്തിന്റെ കാര്യം പറഞ്ഞതായും നടൻ ദിലീപ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. 
 

Latest News