Sorry, you need to enable JavaScript to visit this website.

ശരവണ ഹോട്ടൽ ഉടമ രാജഗോപാൽ മരിച്ചു

ചെന്നൈ- തൊഴിലാളിയുടെ മകളെ മൂന്നാം ഭാര്യയാക്കാൻ അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം തടവിന് വിധിച്ച  ശരവണ ഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാൽ മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയാഘാതമുണ്ടായ രാജഗോപാൽ വെന്റിലേറ്ററിലായിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കാനായി ഇയാളെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
സുപ്രീം കോടതി അന്ത്യശാസനം നൽകിയതോടെ ഏതാനും ദിവസം മുമ്പാണ് ഇദ്ദേഹം കീഴടങ്ങിയത്. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കീഴടങ്ങുന്നത് ഇദ്ദേഹം നീട്ടിക്കൊണ്ടുപോയിരുന്നു. ആംബുലൻസിലെത്തി കീഴടങ്ങിയ രാജഗോപാലിനെ ജയിലിലെത്തിച്ചെങ്കിലും അസുഖം കൂടിയതോടെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുർന്ന് ശനിയാഴ്ചയോടെയാണ് നെഞ്ചുവേദന ഉണ്ടായത്.
72കാരനായ രാജഗോപാലിന് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ മകൻ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 
2001 ലാണ് പി രാജഗോപാലിനെതിരായ കേസുകളുടെ തുടക്കം. ജോത്സ്യന്റെ നിർദേശപ്രകാരം തന്റെ ഹോട്ടലിൽ ജോലി ചെയ്യുന്ന ആളുടെ മകളെ മൂന്നാം ഭാര്യയാക്കാൻ വേണ്ടി പെൺകുട്ടി ജീവജ്യോതിയുടെ ഭർത്താവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യപ്രവചനമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. 2004ൽ നടത്തിയ കൊലപാതകക്കേസിൽ 71 വയസുകാരനായ രാജഗോപാൽ അടക്കമുള്ള അഞ്ച് പ്രതികൾക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സുപ്രീം കോടതി ഈ വിധി ശരിവെച്ചത്.


 

Latest News