ജപ്പാനിൽ ആനിമേഷൻ കമ്പനിയിൽ തീപിടുത്തം; 13 മരണം, മരണ സംഖ്യ ഉയർന്നേക്കും

ടോക്യോ- ജപ്പാനിൽ ആനിമേഷൻ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ 13 പേർ മരിച്ചു. കെട്ടിടത്തിൽ ഇത്രയും പേർ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി. ക്യോട്ടോ സിറ്റിയിൽ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. തീവെച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലും അടിയിലെ നിലയിലുമായി 12 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ദ്രവ രൂപത്തിലുള്ള വസ്‌തു വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നവെന്നാണ് റിപ്പോർട്ടുകൾ. ഒരു കത്തിയും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. 
മൂന്നു നില കെട്ടിടത്തിലാണ് തീപടർന്നത്. കനത്ത പുക രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രണ്ടാം നിലയിലാണ് കൂടുതൽ ആളുകൾ പുറത്തു കടക്കാനാകാതെ കുടുങ്ങി കിടക്കുന്നതെന്നാണ് കരുതുന്നത്. 35 പേർക്ക് തീപിടിത്തത്തിൽ പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. കെട്ടിടത്തിൽ എഴുപത് പേരെങ്കിലും ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു. 1980ല്‍ സ്ഥാപിതമായ ആനിമേഷന്‍ കമ്പനിയുമായി തീവച്ചുവെന്ന് കരുതുന്നയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികായണ്.

Latest News