Sorry, you need to enable JavaScript to visit this website.

യു.എ.പി.എ, എൻ.ഐ.എ നിയമ ഭേദഗതി ബിൽ പൗരാവകാശ ധ്വംസനം - ഫ്രറ്റേണിറ്റി 

കൽപറ്റ - വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് പ്രത്യേക അധികാരം നൽകി യു.എ.പി.എ നിയമ ഭേദഗതി ബിൽ കൊണ്ടുവന്ന കേന്ദ്ര ഭരണകൂട നടപടി ദേശീയ പൗരത്വത്തിനും മനുഷ്യാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. വിവേചനങ്ങളോട് വിയോജിക്കുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൽപറ്റ ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭീകരവാദം അമർച്ച ചെയ്യാനെന്ന പേരിൽ ദേശീയ അന്വേഷണ ഏജൻസിക്ക് അമിതാധികാരം നൽകുന്നതിലൂടെ പൗരന്റെ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുകയാണ്.  ഭരണകൂടം നോട്ടമിടുന്ന ഏത് വ്യക്തികളെയും ഭീകരവാദിയാക്കാനും അവരെ അകാരണമായും അനന്തമായും ജയിലിലടക്കാനും ഈ നിയമ ഭേദഗതി ബില്ലിലൂടെ സാധിക്കും. വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും പരിഗണിക്കില്ലെന്ന സംഘ്പരിവാർ ഫാഷിസ്റ്റ് രീതിയാണ് യു.എ.പി.എ നിയമ ഭേദഗതി ബിൽ അവതരണത്തിലൂടെ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചത്. യു.എ.പി.എ ഉൾപ്പെടെയുള്ള എല്ലാ ഭീകര നിയമങ്ങളും അതിന്റെ നിർമാണ ഘടനയിൽ തന്നെ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.നിയമത്തിന്റെ എല്ലാ നൈതികതക്കും എതിരുകൂടിയാണ് യു.എ.പി.എ. 1967ൽ പ്രാബല്യത്തിൽ വന്ന യു.എ.പി.എ നിരവധി തവണ ഭേദഗതി ചെയ്യപ്പെട്ടാണ് കൂടുതൽ വന്യപ്രകൃതത്തോടു കൂടി നിലനിൽക്കുന്നത്. അതാകട്ടെ ഇന്ത്യക്കകത്തുള്ള  ഇസ്‌ലാമോഫോബിയക്കും മുസ്‌ലിംവിരുദ്ധതക്കും കൂടുതൽ കരുത്തു പകരുകയാണ് ചെയ്യുക.  വിവേചനരഹിതമായി നടപ്പാക്കുക എന്നതിനപ്പുറം യു.എ.പി.എ എടുത്തു നീക്കുക എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിക്കേണ്ടത്. പാർലമെന്റിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തവരും വിട്ടു നിന്നവരും ജനാധിപത്യ സമുഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. 
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടിൽ ഡബ്ലു.എം.ഒ കോളേജ്, കൽപറ്റ എൻ.എം.എസ്.എം ഗവ. കോളേജ്, ലക്കിടി ഓറിയന്റൽ കോളേജ്, ബത്തേരി ടൗൺ, കൽപറ്റ ടൗൺ എന്നിവടങ്ങളിൽ ജാഥ പര്യടനം നടത്തി. 
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കളായ ഷംസീർ ഇബ്രാഹിം, മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ, കെ.എം ശഫ്രിൻ, അനീഷ് പാറമ്പുഴ എസ്.മുജീബുറഹ്മാൻ, നജ്ദ റൈഹാൻ, എം.ജെ സാന്ദ്ര, പി.ബി.എം ഫർമീസ്, നഈം ഗഫൂർ, ജില്ലാ ഭാരവാഹികളായ പി.എച്ച് ലത്തീഫ്, ഹിശാം പുലിക്കോടൻ, ഷർബിന ഫൈസൽ, വസീം അലി, ഒ.വി.ഷഫ്‌ന, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സാദിഖലി ബത്തേരി തുടങ്ങിയവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന മഷി പുരളാത്ത കടലാസുകൾ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും , കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി. ജില്ലാതല സമാപനത്തോടനുബന്ധിച്ച് കൽപറ്റയിൽ വിദ്യാർഥി റാലി നടന്നു. 
മുത്തങ്ങ സമരത്തിൽ രക്തസാക്ഷിയായ ജോഗിയുടെ സ്മാരകം ജാഥാ അംഗങ്ങൾ സന്ദർശിച്ചു. 
വയനാട് ജില്ലാ പര്യടനത്തിന് ശേഷം ഇന്ന് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ജാഥ ജൂലൈ 20 ന് കാസർഗോഡ് സമാപിക്കും.

 

Latest News