Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി റിവൈവ് സീസൺ രണ്ട്; സമാപന സമ്മേളനം നാളെ

കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

റിയാദ് - 'നവോത്ഥാനത്തിന്റെ വെളിച്ചമാവുക' എന്ന ശീർഷകത്തിൽ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന റിവൈവ് സീസൺ രണ്ട് കാമ്പയിന്റെ സമാപന സമ്മേളനം നെസ്റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നാളെ സംഘടിപ്പിക്കും. സമ്മേളനത്തിൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് ഒരു മണിക്ക് പ്രതിനിധി സമ്മേളനം, വൈകുന്നേരം 4 :30 ന് സാംസ്‌കാരിക കലാപരിപാടികൾ, രാത്രി ഏഴിന് പൊതുസമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് പരിപാടികൾ ക്രമീകരിച്ചത്. മണ്ഡലം കെ.എം.സി.സി കമ്മിറ്റികൾ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രതിനിധി സമ്മേളനത്തിന് പ്രവേശനമുണ്ടായിരിക്കുക.
ഡോക്യുമെന്ററി പ്രദർശനം, പ്രവാസം; പ്രസന്ധിയും പരിഹാരങ്ങളും, തസ്‌കിയത്ത്, പൈതൃകം നഭോ മണ്ഡലം, മദ്രസ ഫെസ്റ്റ്, ജ്ഞാനം ക്വിസ് മത്സരം, കുടുംബ സംഗമം, ചർച്ച സംവാദം, ഹമീദ് വെട്ടത്തൂർ മെമ്മോറിയൽ സ്‌പോർട്‌സ് ഫെയർ, ലീഗ് ഇശൽ, പ്രബന്ധ രചന, വായന മത്സരം (അറിവരങ്ങ്), പുസ്തക പ്രസിദ്ധീകരണം, നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതി, നേതൃത്വ ശിൽപശാല, വെൽഫയർ വിംഗ് ശിൽപശാല എന്നിവയാണ് ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിച്ചത്. 
പ്രവാസികളിൽ സമ്പാദ്യ ശീലവും സംരംഭശീലവും വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി ആസൂത്രണം ചെയ്ത പദ്ധതിയാണ് നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതി. മാസം തോറും ചെറിയ ഗഡുക്കളായി നിക്ഷേപിച്ചു നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് നടത്തുന്ന ബിസിനസിൽ പങ്കാളികളാകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തുടക്കത്തിൽ നിക്ഷേപം നടത്തിയവർക്ക് രണ്ടു തവണ ലാഭം വിതരണം നടത്തി. രാഷ്ട്രീയ, സാഹിത്യ, വ്യക്തിത്വ വികസന ശില്പശാലകൾ, വൈവിധ്യമാർന്ന സിലബസോടു കൂടി പ്രഗൽഭരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ലൈവ് ടാലെന്റ് കാമ്പയിന്റെ പ്രധാന ഭാഗമായിരുന്നു.
സമാപന സമ്മേളന പ്രചരണാർത്ഥം വിവിധ മണ്ഡലം കമ്മിറ്റികൾ ചേർന്ന് സഞ്ജീവ് ഭട്ട് ഐക്യദാർഢ്യ സംഗമം, പ്രസംഗ മത്സരം, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, പ്രളയം ബാക്കി വെച്ച പരിസ്ഥിതി ചിന്തകൾ സെമിനാർ, കെ.എം.സി.സി ഉപസമിതിയായ സംസ്‌കൃതിയുടെ നേതൃത്വത്തിൽ കവിത പാരായണം, പ്രബന്ധ രചന മത്സരവും സംഘടിപ്പിച്ചതായി ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് മുഹമ്മദ്.ടി വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ അഷ്‌റഫ് മോയൻ, യൂനുസ് കൈതക്കോടൻ, ലത്തീഫ് താനാളൂർ, മുനീർ വാഴക്കാട്, ഹമീദ് ക്ലാരി എന്നിവർ പങ്കെടുത്തു.

Latest News