Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ എംബസി സംഘം ദമാം തർഹീലിൽ സന്ദർശനം നടത്തി

ദമാം തർഹീൽ സന്ദർശിച്ച ഇന്ത്യൻ എംബസി സംഘം തർഹീൽ ജയിൽ മേധാവി ഹസ്സൻ റഷീദിയോടൊപ്പം 

ദമാം- ഇന്ത്യൻ എംബസി സംഘം ദമാം തർഹീലിൽ സന്ദർശനം നടത്തി. നിയമ ലംഘനക്കേസുകളിൽ അകപ്പെട്ടവരും യാത്രാരേഖകൾ ഇല്ലാത്തവരും സ്‌പോൺസർമാരുടെ കീഴിലില്ലാതെ ജോലി ചെയ്തു പിടിക്കപ്പെട്ടവരും നിരവധി കേസുകളിൽ കഴിയുന്നവരുമായ 150-ഓളം ഇന്ത്യക്കാർ ദമാം തർഹീലിൽ കഴിയുന്നുണ്ട്. ഇവരുടെ തിരിച്ചു പോക്കിന് ഉടനടി പരിഹാരമുണ്ടാവുമെന്നും തർഹീൽ അധികൃതരുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനമായി. 
കഴിഞ്ഞ റമദാൻ  മുതൽ ദമാം തർഹീലിൽ നിന്നും ആർക്കും നാടണയാൻ കഴിഞ്ഞിരുന്നില്ല. അവധിക്കാലം തുടങ്ങിയതോടെ വിമാന യാത്ര ദുസ്സഹമാവുകയും ചെയ്തതോടെ തടവുകാരുടെ യാത്ര അനന്തമായി നീളുകയായിരുന്നു. കൂടാതെ ദമാമിൽ വിമാനത്തിന്റെ ലഭ്യത കുറയുകയും വിമാന യാത്രാക്കൂലിയിലുണ്ടായ അമിത വർധനവും ഇതിനു കാരണമായിരുന്നു. 
ശിക്ഷാ കാലവധി തീർന്നിട്ടും തടവുകാരുടെ മടക്കയാത്ര നീണ്ടുപോവുകയും സെല്ലിൽ തടവുകാരുടെ എണ്ണത്തിലുള്ള വർധനവിലും പ്രതിഷേധിച്ചു ചില തടവുകാർ ഭക്ഷണം കഴിക്കാൻ പോലും തയ്യാറാകാതെ സെല്ലിനകത്തു പ്രതിഷേധിക്കാനുള്ള ശ്രമമുണ്ടായപ്പോൾ തന്നെ ദമാം തർഹീൽ മേധാവി ഇടപെട്ടു അവരുടെ തിരിച്ചു പോക്കിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. ആദ്യഘട്ടം എന്ന നിലക്ക് 45 തടവുകാരെ വീതം റിയാദിൽ എത്തിച്ചു പ്രത്യേക വിമാനം ചാർട്ട് ചെയ്തു നാട്ടിലേക്ക് അയക്കുകയും മൂന്നു തവണയായി ഈ നടപടി ക്രമങ്ങൾ തുടരുകയും ചെയ്തതായി തർഹീൽ മേധാവി അറിയിച്ചു. ഇപ്പോൾ അവശേഷിക്കുന്ന ഇന്ത്യൻ തടവുകാരെ വിമാന സമയത്തിന്റെ ലഭ്യത അനുസരിച്ച് ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 ദമാം തർഹീലിൽ മുന്നൂറോളം  ബംഗ്ലാദേശികളും, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നൂറിൽ താഴെ തടവുകാരും കഴിയുന്നുണ്ട്. ഇന്ത്യൻ തടവുകാരുടെ ഔട്ട്പാസ് കിട്ടുന്നതിലുള്ള കാലതാമസത്തെ കുറിച്ച് ദമാം തർഹീൽ അധികൃതർ ഇന്ത്യൻ എംബസി സംഘത്തെ അറിയിച്ചു. ഔട്ട്പാസ് ഇഷ്യു ചെയ്യുന്നതിന് കേന്ദ്ര വിദേശകാര്യ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്നതിനുള്ള കാല തമാസമാണെന്നും സുതാര്യമായ പരിശോധനക്കൊടുവിലാണ് അനുമതി ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. കാല താമസം ഒഴിവാക്കി ഔട്ട്പാസുകൾ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 
ദമാം തർഹീൽ മേധാവി അബ്ദുൽ അസീസ് അൽ സൈഫ്, തർഹീൽ ജയിൽ മേധാവി ഹസ്സൻ റഷീദി എന്നിവരെയാണ് ഇന്ത്യൻ എംബസി ലേബർ സെക്രട്ടറി വിജയകുമാർ സിംഗ്, എംബസി ഉദ്യോഗസ്ഥനായ വസീഉള്ള എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചത്. സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, സിറാജ് പുറക്കാട്, ജാഫർ കൊണ്ടോട്ടി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 
 

Latest News