Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.എസ്.എഫ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം: പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു

തിരുവനന്തപുരം - യൂനിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് എം.എസ്.എഫ്. നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം സെക്രട്ടറിയേറ്റിന് മുന്നിൽനിന്നും യൂനിവേഴ്‌സിറ്റി കോളേജിന് മുന്നിലേക്കെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർത്ത് കോളേജിനകത്ത് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. 
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ഉൾപ്പെടെ ആറ് നേതാക്കൾക്ക് പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. എം.എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി ബിലാൽ മുഹമ്മദ്, യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് ഷഹീർജി അഹമ്മദ്, എം.എസ്.എഫ് നേതാക്കളായ ഷഫീഖ് വഴിമുക്ക്, അംജത് കുരീപ്പള്ളി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.


സെക്രട്ടറിയേറ്റിേേലക്ക് എം.എസ്.എഫ് പ്രവർത്തകർ സമാധാനപരമായി നടത്തിയ മാർച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് നേതാക്കൾ പിരിഞ്ഞു പോയതോടെയാണ് സംഘർഷമുണ്ടായത്. ഉച്ചക്ക് 12.30 ഓടെയാണ് എം.എസ്.എഫ് പ്രകടനമായി സെക്രട്ടറിേയറ്റിന് മുന്നിൽ എത്തിയത്. പ്രവർത്തകർ അക്രമാസക്തരായതോടെ പോലീസ് ഇവരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ മൂന്നു തവണ കണ്ണീർ വാതകവും പ്രയോഗിച്ചു. പിന്നാലെ ഗ്രനേഡ് പൊട്ടിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് ലാത്തിച്ചാർജ് നടത്തി. ചിതറിയോടി പല ഭാഗത്തായി പ്രവർത്തകർ നിലയുറപ്പിച്ചു. പോലീസ് ഇവിടങ്ങളിലേക്കെത്തി പ്രവർത്തകരെ വിരട്ടിയോടിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അയവു വന്നത്. 
കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാർഥികൾക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുക, വിദ്യാർഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക, കേരള വി.സിയെയും പി എസ് സി ചെയർമാനെയും പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.എസ്. എഫ് ചലോ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്.
യൂനിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സംഘർഷം അറിഞ്ഞാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് എത്തിയത്. ഈ സ്ഥലത്തേക്ക് പോലീസ് ഗ്രനേഡ് പ്രയോഗിച്ചതോടെയാണ് നേതാക്കന്മാർക്ക് പരിക്കേറ്റത്. ആംബുലൻസിലും പോലീസ് വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഗ്രനേഡ് ആക്രമണത്തിൽ ബോധംകെട്ടു വീണ ബീമാപള്ളി റഷീദിനെ മാധ്യമ പ്രവർത്തകരാണ് താങ്ങിയെടുത്ത് ആംബുലൻസിൽ കയറ്റിയത്.

 

Latest News