Sorry, you need to enable JavaScript to visit this website.

യൂണിവേഴ്‌സിറ്റി കേളേജിൽ  പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു

തിരുവനന്തപുരം- വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റി കേളേജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു. ഡോ. സി.സി.ബാബുവിനെയാണ് പ്രിൻസിപ്പലായി നിയമിച്ചത്. നിലവിൽ തൃശൂർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലാണ് ഇദ്ദേഹം. താൽക്കാലിക പ്രിൻസിപ്പലായിരുന്ന കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സർക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. യൂനിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അക്രമ സംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമർശനങ്ങളുയർന്നിരുന്നു. പ്രിൻസിപ്പൽ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമർശനങ്ങൾ. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ ആറ് ഗവ. കേളേജുകളിലെ പ്രിൻസിപ്പൽമാർക്കും മാറ്റമുണ്ട്. ഡോ. കെ.ജയകുമാർ മഹാരാജാസ് കോളേജ് പ്രിൻസിപ്പലാകും. അതേ സമയം, സംഘർഷത്തെ തുടർന്ന് അടച്ചിട്ട യൂനിവേഴ്‌സിറ്റി കോളജ് തിങ്കളാഴ്ച തുറക്കും. അവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി തിങ്കളാഴ്ച മുതൽ കോളേജ് തുറക്കാനാണ് തീരുമാനം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കരുതൽ ഉറപ്പ് വരുത്താനും ധാരണയായിട്ടുണ്ട്. 
സംഘർഷത്തെ തുടർന്ന് യൂനിവേഴ്‌സിറ്റി കേളേജിൽ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരമായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ഉൾപ്പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയുടെ കൺവീനർ ആയി കേരളാ യൂനിവേഴ്‌സിറ്റി യൂണിയൻ ചെയർമാനും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും, രണ്ടാം വർഷ എം.എ വിദ്യാർഥിയുമായ എ.ആർ.റിയാസിനെ നിശ്ചയിച്ചു. ജോയിന്റ് കൺവീനറായി ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വർഷ വിദ്യാർഥിനിയുമായ വീണ എം.ബിയെ നിശ്ചയിച്ചു. ആർ.റിയാസ്, വീണ എം.ബി, ശിൽപ, ജോബിൻ, ചന്തു, അഞ്ചു, നിരഞ്ജൻ, ജിനു, അഖിൽ, കൃഷ്ണപ്രിയ, അരുൺ, ഉമർ, അജയ്, വിഷ്ണു, ഉമൈർ, രാകേന്ത്, ജിജോ, അഭിജിത്ത്, ആര്യ, അനന്ദു ഷാജി, ദിൽന, അമൽ, നിതിൻ, മിത മധു, റോഷന എന്നിവരാണ് യൂണിറ്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 
അതിനിടെ കേസിലെ ഒന്നും രണ്ടും പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാന്റിലായിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നിസാം എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടെടുക്കുന്നതിന് വേണ്ടിയാണ് പോലീസ് ഇവർക്കായി കസ്റ്റഡി അപേക്ഷ നൽകിയത്.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാൻ ഉത്തരവിട്ടത്. 
വെള്ളിയാഴ്ച  ഉച്ചക്ക് ഒരു മണിക്കകം രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കണം. അതേ സമയം പ്രതികളെ ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കിയിട്ടും കസ്റ്റഡി അപേക്ഷ പരിഗണിച്ച വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടർ കോടതിയിൽ ഹാജരാകാത്തതിന് സി.ഐയെ കോടതി ശാസിച്ചു. തുടർന്ന് സി.ഐ ഹാജരായ ശേഷമാണ് പ്രതികളെ വിട്ടു നൽകിയത്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിൽ നിന്ന് പൊലീസ് മൊഴി എടുത്തു. 

 

Latest News