പ്രകൃതി വിരുദ്ധ പീഡനം; മുസ്‌ലിം ലീഗ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പയ്യന്നൂര്‍- പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ മുസ്‌ലിം ലീഗ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാടായി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ പഴയങ്ങാടിയിലെ എ.പി.ബദറുദ്ദീന്റെ അറസ്റ്റാണ് പയ്യന്നൂര്‍ പോലീസ് രേഖപ്പെടുത്തിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രകാരം കോടതി നിര്‍ദേശമനുസരിച്ച് ഉപോധികളോടെ ജാമ്യം നല്‍കി.
പയ്യന്നൂര്‍ സ്വദേശിയായ 14 കാരനെയാണ് സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നു. കുട്ടി രക്ഷിതാവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എട്ടിനാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബദറുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ ഇരുന്ന് കീഴ് കോടതികളില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതികള്‍ ഈ അപേക്ഷ തള്ളിയതോടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനക്കു ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് സ്റ്റേഷനില്‍ ഹാജരാവണമെന്നതടക്കമുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബദറുദ്ദീനെ, പ്രതിയായതിനെത്തുടര്‍ന്ന് തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സംഘടനാ നടപടി ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.

 

Latest News