ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍

ന്യൂദല്‍ഹി- പ്രവര്‍ത്തനം നിലച്ച സ്വകാര്യ വിമാന കമ്പനി ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെ സഹായത്തോടെ ജോബ് പോര്‍ട്ടല്‍ ആരംഭിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത ജെറ്റ് എയര്‍വേയ്‌സിനു ഇനി സഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൊഴില്‍ രഹിതരായ ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി വെബ് സൈറ്റ് തുടങ്ങുമെന്നും സ്വകാര്യ വിമാന കമ്പനികളില്‍ ജോലി കണ്ടെത്താന്‍ അവരെ സഹായിക്കുമെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍ പറഞ്ഞു.
ഒരു സ്വാകര്യ കമ്പനിയുടെ ബിസിനസ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ 17 നാണ് ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയത്. കമ്പനിക്കുണ്ടായിരുന്ന വിദേശ റൂട്ടുകളടക്കം  കേന്ദ്ര സര്‍ക്കാര്‍ മറ്റു എയര്‍ലൈനുകള്‍ക്ക് നല്‍കുകയായിരുന്നു. ജെറ്റ് എയര്‍വേയ്‌സ് വാങ്ങാന്‍ ആരേയും കണ്ടെത്താത്തതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കള്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആംഭിച്ചിരുന്നു. പ്രവര്‍ത്തനം നിലക്കുന്നതിനു മുമ്പ് 20,000 ജീവനക്കാരാണ് ജെറ്റ് എയര്‍വേയ്‌സിനുണ്ടായിരുന്നത്. ഇവരില്‍ പൈലറ്റുമാരടക്കം നൂറുകണക്കിന് ജീവനക്കാര്‍ മറ്റു വിമാന കമ്പനികളില്‍ ചേക്കേറിയിട്ടുണ്ട്.

 

Latest News