Sorry, you need to enable JavaScript to visit this website.

ഒന്നര ലക്ഷത്തോളം ആഭ്യന്തര ഹാജിമാർ രജിസ്റ്റർ ചെയ്തു

മദീനയിൽ നിന്ന് മക്കയിലെത്തിയ മലയാളി ഹാജിമാരെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ  റഹ്മാൻ ശൈഖ് സ്വീകരിക്കുന്നു. 

ജിദ്ദ - സൗദി അറേബ്യക്കകത്തു നിന്ന് ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഒന്നര ലക്ഷത്തോളം പേർ ഇ-ട്രാക്ക് വഴി പന്ത്രണ്ടു ദിവസത്തിനിടെ ഹജിന് ബുക്ക് ചെയ്തു. ദുൽഖഅ്ദ ഒന്നു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ആകെ 1,48,635 പേരാണ് ഹജിന് രജിസ്റ്റർ ചെയ്തത്. 79,945 സൗദി പൗരന്മാരും 68,684 വിദേശികളുമാണ് ഇതുവരെ ഹജിന് ബുക്ക് ചെയ്തത്. 69,551 സീറ്റുകൾ കൂടിയാണ് ഇനി ശേഷിക്കുന്നത്. ഇതിനകം 1,22,312 ഹജ് അനുമതി പത്രങ്ങളുടെ പ്രിന്റൗട്ട് എടുത്തു. 
ഈ വർഷം സൗദി അറേബ്യക്കകത്തു നിന്ന് 2,19,000 ഓളം പേർക്ക് ഇ-ട്രാക്ക് വഴി ഹജിന് അവസരം ലഭിക്കുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഈ വർഷം 190 ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് ലൈസൻസുള്ളത്. ഇന്നലെ രാവിലെ വരെ വിദേശങ്ങളിൽ നിന്ന് 3,88,5218 ഹാജിമാർ എത്തിയിട്ടുണ്ട്. വിമാന മാർഗം 3,85,430 പേരും കരാതിർത്തികൾ വഴി 1,815 തീർഥാടകരും കപ്പൽ മാർഗം 1,276 പേരുമാണ് എത്തിയതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Tags

Latest News