Sorry, you need to enable JavaScript to visit this website.

സൗദിയിൽ പകുതിയോളം പേർ പത്രം വായിക്കാത്തവർ

റിയാദ് - സൗദി അറേബ്യയിലെ ജനസംഖ്യയിൽ പകുതിയോളം പേർ പത്രവായനാ ശീലമില്ലാത്തവരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പ്രഥമ സാംസ്‌കാരിക, വിനോദ സർവേയിൽ വ്യക്തമായി. രാജ്യത്തെ ജനസംഖ്യയിൽ 46 ശതമാനം പേരാണ് പത്രങ്ങൾ വായിക്കാത്തത്. സൗദികളും വിദേശികളും അടക്കമുള്ള ആകെ ജനസംഖ്യയിൽ പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ളവരിൽ 54 ശതമാനം പേർ പത്രങ്ങളും മാസികകളും വായിക്കുന്നവരാണ്. 
പതിനഞ്ചു വയസ്സും അതിൽ കൂടുതലും പ്രായമുള്ള സ്വദേശികളിൽ 59.5 ശതമാനം പേർ പത്രങ്ങളും മാസികകളും വായിക്കുന്നു. സൗദി പുരുഷന്മാരിൽ 67 ശതമാനം പേരും വനിതകളിൽ 51 ശതമാനം പേരുമാണ് പത്രങ്ങളും മാസികകളും വായിക്കുന്നത്. പത്ര, മാസിക വായനക്കാരിൽ 66.5 ശതമാനം പേർ ഓൺലൈൻ പത്രങ്ങളും മാസികകളുമാണ് വായിക്കുന്നത്. പതിനഞ്ചു വയസ്സും അതിൽ കൂടുതലും പ്രായമുള്ള സ്വദേശികളിൽ 58 ശതമാനം പേർ ഒരു വർഷത്തിനിടെ ഏതെങ്കിലുമൊക്കെ പുസ്തകങ്ങൾ വായിച്ചവരാണ്. 
പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ള സ്വദേശികളിൽ തങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെ സാംസ്‌കാരിക, ഉല്ലാസ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരിൽ 42 ശതമാനം പേർ അമ്യൂസ്‌മെന്റ് പാർക്കുകളാണ് സന്ദർശിക്കുന്നത്. സാംസ്‌കാരിക, വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യക്കകത്ത് യാത്ര ചെയ്യുന്നവരിൽ 57 ശതമാനം പേർ പ്രകൃതി ദൃശ്യങ്ങളാണ് സന്ദർശിക്കുന്നത്. പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ള, വിദേശങ്ങളിലേക്ക് പോകുന്ന സൗദി വിനോദ സഞ്ചാരികളിൽ 70 ശതമാനവും പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഒഴിവു സമയങ്ങളിൽ സാംസ്‌കാരിക, വിനോദ പരിപാടികളിൽ ഏർപ്പെടുന്ന സ്വദേശികളിൽ 67 ശതമാനവും ടി.വി കാണുകയോ റേഡിയോ പരിപാടികൾ ശ്രവിക്കുകയോ ആണ് ചെയ്യുന്നതെന്നും സർവേയിൽ കണ്ടെത്തി. സമാന രീതിയിലുള്ള സർവേ ഓരോ മൂന്നു വർഷത്തിലും നടത്തുന്നതിന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന് പദ്ധതിയുണ്ട്. 

Tags

Latest News