Sorry, you need to enable JavaScript to visit this website.

സുഡാനിൽ സമാധാനത്തിന്റെ പൊൻപുലരി; ആദ്യ ഘട്ട കരാറിൽ എല്ലാ പാർട്ടികളും ഒപ്പു വെച്ചു

ഖാര്‍ത്തൂം- പ്രക്ഷോഭം ശക്തമായ സുഡാനിൽ നിന്നും സമാധാനത്തിന്റെ പൊൻപുലരികൾ. പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി വിവിധ പാർട്ടികൾ തമ്മിൽ സമാധാന കരാറിൽ ഏർപ്പെട്ടു. ഏപ്രിലില്‍ ഉമര്‍ അല്‍ ബാഷിര്‍ സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് അയവുവരുമെന്ന പ്രതീക്ഷയാണ് ഇതോടെ കൈവന്നിരിക്കുന്നത്. രാത്രി വൈകും വരെ നടന്ന മാരണത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുവിഭാഗവും തമ്മില്‍ കരാറിലെത്തിയത്. രാജ്യം ഭരിക്കുന്നതിനായി മിലിട്ടറി- സിവിലിയന്‍ സംയുക്ത കൗണ്‍സില്‍ രൂപീകരിക്കുന്നതിനാണ് കരാറായത്.  സുഡാൻ ട്രാൻസിഷണൽ മിലിട്ടറി കൗൺസിൽ, സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രക്ഷോഭകർ, എന്നിവർ സംയുക്തമായാണ്  ആഫ്രിക്കൻ യൂണിയന്റെയും എത്യോപ്യൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സമാധാന ഉടമ്പടി കരാറിൽ ഒപ്പു വെച്ചത്. എങ്കിലും ഭരണഘടന നിലവിൽ  വന്നിട്ടില്ല. ഭരണഘടന കരട് വെള്ളിയാഴ്ച്ച ചർച്ച ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമാധാന കരാറിലെ ആദ്യ ഘട്ടം പിന്നിട്ടത് ചരിത്ര മുഹൂർത്തമാണെന്നു സുഡാൻ ട്രാൻസിഷണൽ മിലിട്ടറി കൗൺസിൽ, ഡെപ്യൂട്ടി തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡങ്കാലോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇനി സഹകരണത്തിന്റെ പുതു യുഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
          പുതുയുഗം പിറന്നെന്നും അടുത്ത ഘട്ടത്തിലേക്ക് വഴിയൊരുങ്ങുന്നവെന്നും ആഫ്രിക്കൻ യൂണിയൻ പ്രതിനിധി പറഞ്ഞു. സുഡാനിലെ ജനങ്ങൾ ഈ മഹത്തായ ദിനത്തിന് അർഹരാണെന്ന് എത്യോപ്യൻ പ്രതിനിധിയും കൂട്ടിച്ചേർത്തു. സുഡാനിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാത്തിൽ നിന്നും നാം മാറിനിൽക്കണമെന്നു സ്വാതന്ത്ര്യത്തിനായി മുറവിളി നടത്തിയ പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു വര്‍ഷക്കാലം 11 അംഗ സംയുക്ത ഭരണസമിതിയായിരിക്കും രാജ്യം ഭരിക്കുക. ഇതില്‍ ആറു പേര്‍ പ്രക്ഷോഭകാരായ സിവിലിയന്‍ വിഭാഗത്തില്‍ നിന്നും അഞ്ചു പേര്‍ മിലിട്ടറി പ്രതിനിധികളുമായിരിക്കും. ആദ്യ 21 മാസക്കാലം മിലിട്ടറി ജനറലായിരിക്കും സമിതിയുടെ അധ്യക്ഷന്‍. അതുകഴിഞ്ഞുള്ള 18 മാസക്കാലം സിവിലിയന്‍ മേധാവി ആയിരിക്കുമെന്നും കരാറില്‍ പറയുന്നു. ഇതോടെ ഏപ്രിലില്‍ ഉമര്‍ അല്‍ ബാഷിര്‍ സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് അയവുവരുമെന്ന പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. 
 

Latest News