Sorry, you need to enable JavaScript to visit this website.

ടിക് ടോക്കിനു ഭീഷണിയായി  ഫേസ്ബുക്കിന്റെ പുതിയ ആപ്പ് വരുന്നു

ടിക് ടോക്കിനു ഭീഷണിയായി ഫേസ്ബുക്കിന്റെ പുതിയ ആപ്പ് വരുന്നതായി റിപ്പോർട്ടുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. നിലവിൽ ലോകമെമ്പാടും പ്രായ ഭേദമെന്യേ യുവ സമൂഹത്തിനിടയിൽ ഏറെ തരംഗമായി മുന്നേറുകയാണ് ഷോർട്ട് വീഡിയോ നിർമിച്ച് ഷെയർ ചെയ്യാനുതകുന്ന ടിക് ടോക് ആപ്പ്. ഇതിനു തടയിടാനാണ് സോഷ്യൽ മീഡിയ മുതലാളിമാരുടെ ശ്രമം. മുൻ ഗൂഗിൾ ഉദ്യോഗസ്ഥനായിരുന്ന ജേസൺ ടോഫിനെ ഫേസ്ബുക്ക് കമ്പനിയിലേക്ക് കൊണ്ടുവന്നതിന്റെ പിന്നിലെ ലക്ഷ്യം പുതിയ ആപ് നിർമിക്കലാണെന്നാണ് ടെക് ലോകത്തെ സംസാരം.
ട്വിറ്ററിന്റെ ഷോർട്ട് വീഡിയോ ഷെയറിങ് ആപ് ആയ വൈൻ കമ്പനി ജനറൽ മാനേജരായിരുന്ന ജേസൺ ടോഫിന്റെ സേവനം ഇതിനാണ് ഫേസ്ബുക്ക് തേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്ക് അടുത്തായി രൂപം കൊടുത്ത ന്യൂ പ്രോഡക്റ്റ് എക്‌സ്‌പെരിമെന്റേഷൻ (എൻ പി ഇ) ടീമിന്റെ പ്രോഡക്റ്റ് മാനേജ്‌മെന്റ്  ഡയറക്ടറായാണ് ടോഫ് ചുമതലയേറ്റത്. 
അടുത്തത് പങ്കിടാൻ ഇത് ഒരു നല്ല സമയമാണെന്ന് ഞാൻ കരുതുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് സംഭവിക്കും. ന്യൂ പ്രോഡക്റ്റ് എക്‌സ്‌പെരിമെന്റേഷൻ (എൻ പി ഇ) ടീമിന്റെ പ്രോഡക്റ്റ് മാനേജ്‌മെന്റ്  ഡയറക്ടറായായി ഞാൻ ചുമതലയേൽക്കുകയാണ് -ടോഫ് ട്വീറ്റ് ചെയ്തു. എന്നാൽ താൻ നേതൃത്വം നൽകുന്ന ആപ്പിനെ കുറിച്ച് വെളിപ്പെടുത്താൻ കഴിയില്ലെന്ന് ടോഫ് വ്യക്തമാക്കി . ഡിസൈനർമാരെയും എൻജിനീയർമാരെയും റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ നിന്നും അകന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കി എൻ പി ഇ ടീമിന്റെ നേതൃത്വത്തിൽ പുതിയ  ആപ്പുകൾ അണിയറയിൽ ഒരുങ്ങുകയാണെന്ന് ഫേസ്ബുക് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു ആപ്പ് എൻ പി ഇ അണിയറ പ്രവർത്തകർ ഒരുക്കുകയാണെന്നും എന്നാൽ, ഉപയോക്താക്കൾക്ക് ഇത് ഉപകാരമില്ലെങ്കിൽ ഉടൻ തന്നെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
നിലവിൽ ബെയ്ജിങ് ആസ്ഥാനമായ ടിക്  ടോക്കിനു മില്യൺ കണക്കിന് വരിക്കാരാണുള്ളത്. 2019 ആദ്യ പകുതിയിൽ 344 മില്യൺ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളതെന്നാണ് കണക്കുകൾ. ഏറ്റവും കൂടുതൽ യൂസർമാരുള്ള ഇന്ത്യയിൽ ഇടക്കാലത്ത് നിരോധനം ഉണ്ടായിരുന്നിട്ട് പോലും ഉപയോക്താക്കളെ പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്നതാണ് കമ്പനിയുടെ വിജയം. 

Latest News